മാവേലിക്കരയിൽ റിമാന്‍റ് പ്രതി മരിച്ച സംഭവം; മജിസ്ട്രേറ്റിന് മൊഴി നൽകിയതിന് ശേഷം തനിക്ക് നേരെ കൊടിയ പീഡനമെന്ന് സഹതടവുകാരൻ

mj jacob

തിരുവല്ല: മാവേലിക്കര സബ് ജയിലിൽ റിമാൻഡ് പ്രതിയായിരുന്ന എം ​ജെ ജേ​ക്ക​ബ് മരിച്ച സംഭവത്തിൽ മജിസ്ട്രേറ്റിന് മൊഴി നൽകിയതിന് പിന്നാലെ കൊടിയ പീഡനങ്ങളാണ് ജയിലിൽ നടക്കുന്നതെന്ന് സഹതടവുകാരൻ ഉണ്ണികൃഷ്ണൻ പരാതി നൽകി.

മജിസ്ട്രേറ്റിന് രഹസ്യമൊഴി നൽകിയതിന്‍റെ പേരിലാണ് തനിക്കെതിരെ ജയിൽ അധികൃതർ പ്രതികാര നടപടി സ്വീകരിക്കുന്നതെന്നും ഉണ്ണികൃഷ്ണൻ പറയുന്നു. പാർപ്പിച്ചിരിക്കുന്നത് ഒറ്റമുറി തടവറയിലെന്നും ഉണ്ണിക്കൃഷ്ണൻ മജിസ്ട്രേറ്റിന് പരാതി എഴുതി നൽകിയിട്ടുണ്ട്. മാവേലിക്കര ജയിലിൽ റിമാന്‍റിലായിരുന്ന ജേക്കബ്ബിനെ മൂന്ന് ഉദ്യോഗസ്ഥർ ചേർന്ന് മർദ്ദിക്കുകയായിരുന്നു. ജയിൽ ഉദ്യോഗസ്ഥരായ ബുഹാരി,സുജിത്ത്,ബിനോയി എന്നിവരാണ് ജേക്കബ്ബിനെ മർദ്ദിച്ചതെന്നും ഉണ്ണിക്കൃഷ്ണൻ പറഞ്ഞു.

സാ​മ്പത്തിക ത​ട്ടി​പ്പി​ന്‍റെ പേ​രി​ല്‍ തി​രു​വ​ല്ല പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത് ബു​ധ​നാ​ഴ്ച രാ​ത്രി​ മാ​വേ​ലി​ക്ക​ര ജ​യി​ലി​ലെ​ത്തി​ച്ച ജേക്കബ് വ്യാഴാഴ്ചയാണ് മരിക്കുന്നത്. ശ്വാ​സ​നാ​ള​ത്തി​ല്‍ തൂ​വാ​ല കു​രു​ങ്ങി ശ്വാ​സം മു​ട്ടി​യാ​ണ് മ​ര​ണം സം​ഭ​വി​ച്ച​തെ​ന്ന് ക​ണ്ടെ​ത്തിയതോടെയാണ് മാവേലിക്കര സബ് ജയിലിൽ റിമാന്‍റിലായിരുന്ന കു​മ​ര​കം മ​ഠ​ത്തി​ല്‍ എം ​ജെ ജേ​ക്ക​ബി​ന്‍റെ മരണത്തിൽ ദുരൂഹത ഏറിയത്. ജയിലധികൃതരുടെ ഭാഗത്ത് വീഴ്ചയുണ്ടെന്ന ആക്ഷേപം ശക്തമായതോടെ ജയില്‍ ഡിജിപി ഋഷിരാജ് സിംഗിന്‍റെ നിര്‍ദേശപ്രകരം അന്വേഷണം തുടരുകയാണ്.