ഗോ എയര്‍, ഇന്‍ഡിഗോ വിമാനങ്ങള്‍ കൂട്ടത്തോടെ റദ്ദാക്കി; യാത്രക്കാര്‍ ദുരിതത്തിലായി

ന്യൂഡൽഹി: എൻജിൻ തകരാർ പ്രശ്നം ക്രമാതീതമായി വർദ്ധിച്ചതിനെ തുടർന്ന് ഇൻഡിഗോ, ഗോ എയർ കമ്പനികളുടെ ‘എ320 നിയോ’ വിഭാഗത്തിൽപ്പെട്ട 11 വിമാനങ്ങൾ സർവീസ് നടത്തുന്നത് ഡയറക്ടറേറ്റ് ജനറൽ ഒഫ് സിവിൽ ഏവിയേഷൻ (ഡി.ജി.സി.എ) വിലക്കിയതോടെ യാത്രക്കാർ ദുരിതത്തിലായി. അതേസമയം,​ എത്ര വിമാനങ്ങൾ റദ്ദാക്കിയെന്നോ,​ എത്ര യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടായെന്നോയുള്ള വിവരങ്ങൾ നൽകാൻ രണ്ട് വിമാനക്കന്പനികളും തയ്യാറായില്ല.

സുരക്ഷാ കാരണങ്ങളെ തുടർന്നാണ് വിമാനങ്ങൾക്ക് പറക്കലിനുള്ള അനുമതി ഡി.ജി.സി.എ നിഷേധിച്ചത്. ഇ.എസ്.എൻ. 450 സീരിയൽ നമ്പറിലുള്ള എൻജിനുകൾ ഘടിപ്പിച്ച വിമാനങ്ങളാണ് താഴെയിറക്കിയത്. അവയിൽ എട്ടെണ്ണം ഇൻഡിഗോയുടെയും മൂന്നെണ്ണം ഗോ എയറിന്റേതുമാണ്. പ്രാറ്റ്, വിറ്റ്നി സീരീസുകളിൽപ്പെട്ട എൻജിനുകളുള്ള വിമാനങ്ങളാണിവ. എ 320 നിയോ വിഭാഗത്തിൽപ്പെട്ട ഒരു വിമാനങ്ങൾക്ക് എൻജിൻ തകരാറ് സ്ഥിരമായതോടെ ഇത്തരത്തിലുള്ള വിമാനങ്ങൾക്ക് ഫെബ്രുവരി 9ന് തന്നെ യൂറോപ്യൻ ഏവിയേഷൻ സേഫ്റ്റി ഏജൻസി (ഇ.എ.എസ്.എ.) ജാഗ്രതാനിർദേശം നൽകിയിരുന്നു. അത്തരം എൻജിനുകളുള്ള വിമാനങ്ങൾ തങ്ങൾ നിരീക്ഷിക്കുന്നുണ്ടെന്ന് ഫെബ്രുവരി 13ന് ഡി.ജി.സി.എയും വ്യക്തമാക്കി.

നിലവിലെ വിവരം അനുസരിച്ച് ആയിരത്തോളം യാത്രക്കാർ പല വിമാനത്താവളങ്ങളിലായി കുടുങ്ങിയിട്ടുണ്ട്. സാധാരണ ഒരു വിമാനം പ്രതിദിനം ശരാശരി എട്ട് ട്രിപ്പുകൾ വരെ നടത്താറുണ്ട്. ഇത്തരത്തിൽ 11 വിമാനങ്ങൾ പറക്കാതിരിക്കുന്പോൾ 90ന് അടുത്ത് സർവീസുകൾ നിലയ്ക്കും.