10 ഡോക്ടര്‍മാര്‍ക്ക് ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സിലിന്റെ വിലക്ക്

കണ്ണൂര്‍: കണ്ണൂര്‍ മെഡിക്കല്‍ കോളേജിലെ പത്ത് ഡോക്ടര്‍മാര്‍ക്ക് ഒരു വര്‍ഷത്തേക്ക് വിലക്കേര്‍പ്പടുത്തി ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സില്‍ ഉത്തരവായി. കണ്ണൂര്‍ മെഡിക്കല്‍ കോളേജിലെ ഫാക്കല്‍റ്റി അംഗങ്ങളാണെന്ന വ്യാജ രേഖ ചമച്ച് ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സിലിനെ തെറ്റിദ്ധരിപ്പിച്ചതിനാലാണ് ശിക്ഷ.

പുതിയ മെഡിക്കല്‍ കോളേജായ കണ്ണൂര്‍ അഞ്ചരക്കണ്ടി മെഡിക്കല്‍കോളേജിന്റെ സൗകര്യങ്ങള്‍ പരിശോധിക്കുന്നതിനെത്തിയ കമ്മറ്റിക്കു മുമ്പാകെയാണ് മറ്റു മെഡിക്കല്‍ കോളേജുകളില്‍ ജോലി ചെയ്യുന്ന ഈ ഡോക്ടര്‍മാര്‍ വ്യാജരേഖകള്‍ നല്‍കിയത്. അഞ്ചരക്കണ്ടി മെഡിക്കല്‍ കോളേജിലെ ഫാക്കല്‍റ്റി അംഗങ്ങളാണെന്ന തെറ്റിദ്ധാരണ ഉണ്ടാക്കുന്നവയായിരുന്നു രേഖകള്‍. ഇതിനെതിരെ പരാതി ഉയര്‍ന്നിരുന്നു. ഇതിനെത്തുടര്‍ന്ന് മെഡിക്കല്‍ കൗണ്‍സിലിന്റെ എത്തിക്‌സ് കമ്മറ്റിയാണ് ഡോക്ടര്‍മാരായ പി.ജി. ആനന്ദകുമാര്‍, വത്സലന്‍.വി.കെ., സെബാസ്റ്റ്യന്‍ സഖറിയാസ്, നാരായണ പ്രകാസ്ദ, അശോകന്‍.കെ.എം, രാജമ്മ.സി.കെ., ശ്രീദേവി.പി., കെ.വി. ശിവശങ്കര്‍, മുഹമ്മദ് ഇബ്രാഹിം.പി., ഡോ. ജയരാജന്‍.സി.വി എന്നിവര്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയത്. ഇവരെ ഒരു വര്‍ഷം പ്രാക്ടീസ് ചെയ്യുന്നതില്‍ നിന്നും വിലക്കിയതോടൊപ്പം ഒരു വര്‍ഷത്തേക്ക് രജിസ്‌ട്രേഷനും ക്യാന്‍സല്‍ ചെയ്തിട്ടുണ്ട്. ഇക്കാലയളവില്‍ പേരിനു മുന്നില്‍ ഡോക്ടര്‍ എന്ന് ഉപയോഗിക്കാന്‍ പാടില്ലെന്നും നിര്‍ദ്ദേശമുണ്ട്.

ഇക്കാര്യം മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ഗസറ്റ് വിജ്ഞാപനത്തിലൂടെ പ്രതികളായ ഡോക്ടര്‍മാരെയും മറ്റു സ്ഥാപനങ്ങളെയും രേഖാമൂലം അറിയിച്ചിട്ടുണ്ട്. കണ്ണൂര്‍ മെഡിക്കല്‍ കോളേജില്‍ വിദ്യാര്‍ത്ഥി അഡ്മിഷനുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ നിലനില്‍ക്കുന്നതിനിടയിലാണ് ഇത്തരമൊരു കേസ് കൂടി ഉണ്ടായിരിക്കുന്നത്.