വരുംവര്‍ഷം രാജ്യത്തെ സാമ്പത്തിക വളര്‍ച്ചാ നിരക്ക് കുറയും

ന്യൂഡല്‍ഹി: രാജ്യത്തെ സാമ്പത്തിക വളര്‍ച്ചാ നിരക്ക് കുറയുമെന്ന് സെന്‍ട്രല്‍ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ് (സി.എസ്.ഒ) പുറത്തുവിട്ട കണക്കുകള്‍. 2017 – 18 ല്‍ മൊത്ത ആഭ്യന്തര ഉത്പാദനം (ജി.ഡി.പി) 6.5 ശതമാനമായിരിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. 2016 – 17 ല്‍ 7.1 ശതമാനമായിരുന്നു ഇത്.

സെപ്റ്റംബര്‍ 30 ന് അവസാനിച്ച രണ്ടാം പാദത്തിലെ ജി.ഡി.പി നിരക്ക് 6.3 ശതമാനമായിരുന്നു. 5.7 ശതമാനമായിരുന്നു ഒന്നാം പാദത്തിലെ ജി.ഡി.പി നിരക്ക്. വാണിജ്യം, ഹോട്ടലുകള്‍, ഗതാഗതം, വാര്‍ത്താവിനിമയം, പ്രക്ഷേപണം, വൈദ്യുതി, ഗ്യാസ്, ജലവിതരണം, റിയല്‍ എസ്റ്റേറ്റ് തുടങ്ങിയ മേഖലകള്‍ വളര്‍ച്ച കൈവരിച്ചതായി കണക്കുകള്‍ വ്യക്തമാക്കുന്നു.
കാര്‍ഷിക, നിര്‍മ്മാണ മേഖലകളിലെ മാന്ദ്യമാണ് വളര്‍ച്ചാനിരക്ക് കുറയ്ക്കുന്നതെന്നാണ് വിലയിരുത്തപ്പെടുന്നത്.