പൂജാരയ്ക്ക് സെഞ്ച്വറി; സന്നാഹ മത്സരത്തിലെ ആദ്യദിനം ആവേശമാക്കി ഇന്ത്യ

ആന്‍റ്വിഗ: വെസ്റ്റ് ഇന്‍ഡീസ് എ ടീമിനെതിരെ സന്നാഹമത്സരത്തിനിറങ്ങിയ ഇന്ത്യയ്ക്ക് ആദ്യദിനം മികച്ച സ്കോർ. ഒന്നാം ദിനം കളിയവസാനിപ്പിക്കുമ്പോള്‍ ആദ്യ ഇന്നിംഗ്സില്‍ ഇന്ത്യ 5 വിക്കറ്റിന് 297 റൺസെടുത്തിട്ടുണ്ട്. ചേതേശ്വര്‍ പൂജാര സെഞ്ചുറി നേടി. അഞ്ചാമനായി ഇറങ്ങിയ രോഹിത് ശര്‍മ്മ 68 റൺസെടുത്ത് ടെസ്റ്റ് ക്രിക്കറ്റിലും മികവ് തെളിയിച്ചു.

വിരാട് കോഹ്‌ലിയുടെ അഭാവത്തില്‍ ഉപനായകന്‍ അജിങ്ക്യ രഹാനെയാണ് ടീമിനെ നയിച്ചത്. ടോസ് നേടിയ രഹാനെ ആദ്യം ബാറ്റിംഗിനിറങ്ങാനാണ് തീരുമാനിച്ചത്.

മയാങ്ക് അഗര്‍വാളാണ് കെ.എല്‍ രാഹുലിനൊപ്പം ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്തത്. അഞ്ച് ഫോറും ഒരു സിക്‌സുമായി രാഹുല്‍ മികച്ച തുടക്കം നല്‍കാന്‍ ശ്രമിച്ചെങ്കിലും മറുവശത്ത് മയാങ്ക് പരാജയപ്പെട്ടു. 13-ാം ഓവറില്‍ രാഹുലും അവസാനം കുറിച്ചു.

സെഞ്ചുറി നേടിയതിന് പിന്നാലെ പൂജാര റിട്ടേര്‍ഡ് ഹര്‍ട്ട് ആയപ്പോള്‍ രോഹിതിനെ അക്കിം ഫ്രെസര്‍ പുറത്താക്കി. കെ എൽ രാഹുല്‍ 36 ഉം മായങ്ക് അഗര്‍വാള്‍ 12 ഉം അജിന്‍ക്യ രഹാനെ 1 ഉം റൺസെടുത്ത് പുറത്തായി.

വെസ്റ്റ് ഇന്‍ഡീസ് എ ടീമിനായി ജൊനാഥന്‍ കാര്‍ട്ടര്‍ മൂന്ന് വിക്കറ്റെടുത്തു. ആഗസ്റ്റ് 22 നാണ് ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് ആദ്യ ടെസ്റ്റ്. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലെ ഇന്ത്യയുടെ ആദ്യമത്സരമാണിത്.