ലോകകപ്പിൽ ഓറഞ്ച് അണിഞ്ഞ് ഇന്ത്യ ഇറങ്ങുന്നു

ലണ്ടൻ: ഇന്ത്യ ഇന്ന‌് ഇംഗ്ലണ്ടിനോട‌് പൊരുതുമ്പോൾ അണിയുന്നത് ഓറഞ്ച‌് കുപ്പായം . ജയിച്ചാൽ തുടർച്ചയായ മൂന്നാം തവണയും ലോകകപ്പിന്റെ സെമിയിലേക്ക‌് മുന്നേറാം. മറിച്ചായാൽ വിരാട‌് കോഹ‌്‌ലിക്കും സംഘത്തിനും കാത്തിരിക്കേണ്ടിവരും. ഇംഗ്ലണ്ടിന‌് പിടിച്ചുനിൽക്കാനുള്ള പോരാട്ടമാണ‌്. ജയിച്ചില്ലെങ്കിൽ സാധ്യതകൾ മങ്ങും. വൈകിട്ട് മൂന്നുമണിക്ക് എഡ്ജ്ബാസ്റ്റണിലാണ് മത്സരം.

കടും നീലയും ഒപ്പം ഓറഞ്ചും നിറമുള്ള ജേഴ്സിയാണ് മത്സരത്തിൽ ഇന്ത്യൻ താരങ്ങൾ ധരിക്കുക. പുതിയ ജേഴ്സി ധരിച്ചുള്ള ചിത്രങ്ങൾ കളിക്കാരും പങ്കുവെച്ചിട്ടുണ്ട്.

ബെർമിംങ്ഹാമിൽ നടന്ന വാർത്താ സമ്മേളനത്തില്‍ ഇന്നലെയാണ് കോലി ഔദ്യോഗികമായി ജേഴ്സി അവതരിപ്പിച്ചത്. കടുംനീലയും ഓറഞ്ചും ചേർന്ന ജേഴ്സിയുടെ പേരിൽ വിവാദം പുകയുന്നതിനിടെയായിരുന്നു ജേഴ്സി അവതരണം.

കിരീടപ്രതീക്ഷയിൽ മുമ്പിലായിരുന്നു ലോകകപ്പ‌് തുടങ്ങുമ്പോൾ ഇംഗ്ലണ്ട‌്. ആദ്യ അഞ്ച‌് കളിയിൽ നാലെണ്ണം ജയിച്ചതോടെ ആ പ്രതീക്ഷ സജീവമാകുകയും ചെയ‌്തു. എന്നാൽ, പിന്നീട‌് തുടർച്ചയായി വഴങ്ങിയ രണ്ട‌് തോൽവികൾ ഇംഗ്ലണ്ടിനെ ഉലച്ചു. ഇന്ത്യയോട‌് തോറ്റാൽ മറ്റ‌് ടീമുകളുടെ പ്രകടനങ്ങളെ ആശ്രയിക്കേണ്ടിവരും. ഏഴ‌് കളിയിൽ എട്ട‌് പോയിന്റാണ‌് ഇംഗ്ലണ്ടിന‌്. ഇതുൾപ്പെടെ രണ്ട‌് കളികൾ ബാക്കി. അവസാന കളിയിൽ ന്യൂസിലൻഡാണ‌് എതിരാളി.

ഒരു കളിയും തോൽക്കാത്ത ഏക ടീമാണ‌് ഇന്ത്യ. ദക്ഷിണാഫ്രിക്ക, പാകിസ്ഥാൻ, ഓസ‌്ട്രേലിയ, അഫ‌്ഗാനിസ്ഥാൻ, വെസ‌്റ്റിൻഡീസ‌് ടീമുകളെ തോൽപ്പിച്ചു. ന്യൂസിലൻഡുമായുള്ള കളി മഴകാരണം ഉപേക്ഷിച്ചു. ആറ‌് കളിയിൽ 11 പോയിന്റ‌്. ഈ മത്സരമുൾപ്പെടെ മൂന്നെണ്ണം ബാക്കി. ശ്രീലങ്ക, ബംഗ്ലാദേശ‌് ടീമുകളുമായാണ‌് മറ്റ‌് മത്സരങ്ങൾ.ഓറഞ്ച‌് കുപ്പായത്തിൽ ആദ്യമായാണ‌് ഇന്ത്യ കളിക്കാനിറങ്ങുന്നത‌്.