ഗാംഗുലിയടക്കമുള്ളവരുടെ വിമര്‍ശനം; ഇന്ത്യന്‍ ടീമില്‍ ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത

സെഞ്ചൂറിയന്‍: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ടെസ്റ്റില്‍ ഇന്ത്യന്‍ ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത. ഓപ്പണര്‍ ശിഖര്‍ ധവാനെ ഒഴിവാക്കി പകരം ലോകേഷ് രാഹുലിനെ ടീമിലെടുക്കാന്‍ സാധ്യതയുണ്ട്. രാഹുല്‍, രഹാനെ എന്നിവരെ തഴഞ്ഞ് ധവാനെ ടീമിലെടുത്തതിനെതിരെ വന്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇന്ത്യയുടെ മുന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലിയടക്കമുള്ളവര്‍ വിരാട് കോലിക്കെതിരെ വിമര്‍ശനവുമായി രംഗത്തുവന്നിരുന്നു. ഈ സാഹചര്യത്തില്‍ ടീമില്‍ മാറ്റമുണ്ടായേക്കുമെന്നാണ് സൂചന.

രോഹിത് ശര്‍മ്മയ്ക്ക് പകരം രഹാനെയെ പരിഗണിക്കാന്‍ സാധ്യതയുണ്ട്. ഒപ്പം ഇഷാന്ത് ശര്‍മ്മയും ടീമിലെത്തിയേക്കുമെന്നാണ് സൂചന. കഴിഞ്ഞ ദിവസങ്ങളില്‍ ഈ മൂന്നു താരങ്ങള്‍ ഗ്രൗണ്ടില്‍ കൂടുതല്‍ സമയം പരിശീലനം നടത്തിയിരുന്നു. സഞ്ജയ് ബംഗാര്‍, ബൗളിങ് കോച്ച് ഭരത് അരുണ്‍, ത്രോ സ്‌പെഷ്യലിസ്റ്റ് രഘു എന്നിവരോടൊപ്പമാണ് നെറ്റ്‌സില്‍ പരിശീലനം നടത്തിയത്.

ആദ്യ ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കയോട് 72 റണ്‍സിന് ഇന്ത്യ പരാജയപ്പെട്ടിരുന്നു. അതുകൊണ്ടുതന്നെ പരമ്പര നഷ്ടപ്പെടാതിരിക്കാന്‍ അടുത്ത മത്സരത്തില്‍ ഇന്ത്യക്ക് വിജയമോ സമനിലയോ അത്യാവശ്യമാണ്. ശനിയാഴ്ച്ച് സെഞ്ചൂറിയനിലാണ് രണ്ടാം ടെസ്റ്റ് തുടങ്ങുന്നത്.