ലോകകപ്പിൽ തോൽവിയറിഞ്ഞ് ഇന്ത്യ; ഇംഗ്ലണ്ടിനോട് 31 റൺസിന് ഇന്ത്യ കീഴടങ്ങി

ബര്‍മിങ്ഹാം: ഓറഞ്ച് ജെഴ്സിയിൽ ഇറങ്ങിയ ഇന്ത്യയ്ക്ക് ഇംഗ്ലണ്ടിന് മുന്നിൽ മുട്ട് മടക്കേണ്ടി വന്നു. ആതിഥേയരായ ഇംഗ്ലണ്ടിനോട് 31 റൺസിന് ഇന്ത്യ തൊറ്റു. അങ്ങനെ ലോകകപ്പ് ക്രിക്കറ്റിൽ ആദ്യ തോൽവി ഇന്ത്യ അറിഞ്ഞു. ഹിറ്റ്മാന്‍റെ സെഞ്ചുറിയും മുഹമ്മദ് ഷമിയുടെ അഞ്ച് വിക്കറ്റ് നേട്ടവും ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചില്ല. 1992നുശേഷം ഇതാദ്യമായാണ് ലോകകപ്പിൽ ഇംഗ്ലണ്ട് ഇന്ത്യയെ പരാജയപ്പെടുത്തുന്നത്. സെഞ്ചുറി നേടുകയും മികച്ച ഫീൽഡിങ് പ്രകടനം പുറത്തെടുക്കുകയും ചെയ്ത ജോണി ബെയർസ്റ്റോയാണ് മാൻ ഓഫ് ദി മാച്ച്.

ഇംഗ്ലണ്ട് ഉയര്‍ത്തിയ 338 റണ്‍സ് എന്ന വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശീയ ഇന്ത്യയുടെ പോരാട്ടം അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 306 റണ്‍സില്‍ അവസാനിക്കുകയായിരുന്നു

ഇംഗ്ലണ്ടിന് വേണ്ടി സെഞ്ചുറി നേടി ജോണി ബെയര്‍സ്റ്റോ ബാറ്റ് കൊണ്ട് താരമായപ്പോള്‍ മൂന്ന് വിക്കറ്റെടുത്ത ലിയാം പ്ലങ്കറ്റിന്‍റെ പ്രകടനമാണ് നിര്‍ണായകമായത്. ഇന്ത്യക്ക് വേണ്ടി ഹിറ്റ്മാന്‍ രോഹിത് പൊരുതി സെഞ്ചുറി സ്വന്തമാക്കി. ഒപ്പം വിരാട് കോലി അര്‍ധശതകം നേടിയപ്പോള്‍ ഹാര്‍ദിക്കിന് മാത്രമാണ് ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തത്.

തോറ്റെങ്കിലും ഏഴ് കളികളിൽ നിന്ന് 11 പോയിന്റുമായി ഇന്ത്യ രണ്ടാമതാണ്. ഇംഗ്ലണ്ട് 10 പോയിന്റുമായി നാലാം സ്ഥാനത്തെത്തി സെമി പ്രതീക്ഷ നിലനിർത്തി. ഇംഗ്ലണ്ടിന്റെ ജയം വിനയായത് പാകിസ്താനാണ്. ഒൻപത് പോയിന്റുള്ള അവർ അഞ്ചാം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെട്ടു.

രോഹിത് ശർമ 109 പന്തിൽ നിന്ന് 102 ഉം ക്യാപ്റ്റൻ കോലി 76 പന്തിൽ നിന്ന 66 ഉം റൺസെടുത്തെങ്കിലും ഇംഗ്ലീഷ് ബൗളർമാരെ ഫലപ്രദമായി കൈകാര്യം ചെയ്യാൻ ഇന്ത്യൻ ബാറ്റ്സ്മാന്മാർക്ക് കഴിഞ്ഞില്ല. അവസാന പത്തോവറിലാണ് ഇന്ത്യയുടെ തോൽവിക്ക് വഴിവച്ചത്. വളരെ വിരളമായേ ഈ പത്ത് ഓവറിൽ ബൗണ്ടറിയും സിക്സും പിറന്നുള്ളൂ. ധോനി 42 ഉം കേദാർ ജാദവ് 12 ഉം റൺസെടുത്ത് പുറത്താകാതെ നിന്നു.