100 ബാലാക്കോട്ട് ബോംബുകള്‍ ഇന്ത്യ വാങ്ങുന്നു; 300 കോടി കരാറിൽ ‘സ്പൈസ്’ ബോംബുകളുടെ ശേഖരം വർധിപ്പിക്കുന്നു

PIC CREDITS: WIKIPEDIA

ന്യൂ ഡൽഹി: ബാലാക്കോട്ടിൽ ജയ്ഷെ ഭീകരരുടെ ക്യാംപ് തകർക്കാൻ ഇന്ത്യയെ സഹായിച്ച ആധുനിക ബോംബുകള്‍ വാങ്ങുന്നതിന് ഇന്ത്യ 300 കോടിയുടെ കരാറില്‍ ഏര്‍പ്പെടാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ‘സ്പൈസ്’ ബോംബുകളുടെ ശേഖരം വർധിപ്പിക്കാനാണ് വ്യോമസേന ലക്ഷ്യമിടുന്നത്. ഇസ്രയേലിൽനിന്നു നൂറിലധികം സ്പൈസ് ബോംബുകൾ‌ വാങ്ങാൻ വ്യോമസേന കരാറൊപ്പിട്ടു. അടുത്ത മൂന്നു മാസത്തിനകം പുതിയ ബോംബുകൾ ഇന്ത്യയിലെത്തും.

സ്‌പൈസ് 2000 ബോംബുകള്‍ വാങ്ങുന്നതിന് ഇസ്രയേലിലെ റഫാല്‍ അഡ്വാന്‍സ്ഡ് ഡിഫന്‍സ് സിസ്റ്റം എന്ന സ്ഥാപനവുമായാണ് കരാറില്‍ ഏര്‍പ്പെടുന്നത്. അടിയന്തര പ്രാധാന്യത്തോടെയാണ് ബോംബുകള്‍ വാങ്ങുന്നത്. മിക്കവാറും ഈ വര്‍ഷാവസാനത്തോടെ ആയുധങ്ങള്‍ ലഭ്യമാകുമെന്നാണ് കരുതുന്നത്. നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള പുതിയ സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം ആദ്യമായി ഏര്‍പ്പെടുന്ന പ്രതിരോധ കരാര്‍ ആയിരിക്കും ഇതെന്നും പ്രതിരോധ മന്ത്രാലയ വക്താവ് വ്യക്തമാക്കി.

ജയ്ഷെ മുഹമ്മദിന്റെ ഭീകരക്യാംപുകളിൽ കനത്ത നാശം വിതയ്ക്കാൻ ഉപയോഗിച്ച ആയുധങ്ങളിൽ മുഖ്യമായിരുന്നു സ്പൈസ് ബോംബുകൾ. മിറാഷ് 2000 പോർവിമാനങ്ങൾ ഉപയോഗിച്ചാണ് ഈ ലേസർ ഗൈഡഡ് ബോംബുകൾ വർഷിച്ചത്. ലോകത്തെ ഏറ്റവും മാരക പ്രഹരശേഷിയുള്ള ബോംബുകളിലൊന്നാണിത്.