മഴ തടസപ്പെടുത്തി വിന്‍ഡീസിനെതിരായ ഇന്ത്യയുടെ ടി20; ഇന്ത്യക്ക് 22 റണ്‍ ജയം,പരമ്പര

ഫ്‌ളോറിഡ: വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 പരമ്പര ഇന്ത്യക്ക്. മൂന്ന് മത്സരങ്ങളുടെ പരമ്പരയിലെ രണ്ടാം ടി20യില്‍ 22 റണ്‍സിനാണ് ഇന്ത്യ വിജയിച്ചത്. മഴ തടസപ്പെടുത്തിയ കളിയില്‍ ഡക്ക്‌വര്‍ത്ത് ലൂയിസ് നിയമപ്രകാരമായിരുന്നു ഇന്ത്യയുടെ ജയം. ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ 20 ഓവറിൽ ഇന്ത്യ അഞ്ചുവിക്കറ്റിന് 167 റൺസെടുത്തു. വെസ്റ്റിൻഡീസ് 15.3 ഓവറിൽ നാലിന് 98 എന്ന നിലയില്‍ നില്‍ക്കെ മഴയെത്തുകയായിരുന്നു. പിന്നാലെ ഇന്ത്യയെ വിജയിയായി പ്രഖ്യാപിച്ചു. ഇതോടെ മൂന്ന് മത്സരങ്ങളുടെ പരമ്പരയും ഇന്ത്യ സ്വന്തമാക്കി (2-0). മൂന്നാം ട്വന്റി 20 ചൊവ്വാഴ്ച ഗയാനയിൽ നടക്കും.

ഓപ്പണർ രോഹിത് ശർമ (51 പന്തിൽ 67), ശിഖർ ധവാൻ (16 പന്തിൽ 23), വിരാട് കോലി (23 പന്തിൽ 28) എന്നിവർ മുൻനിരയിൽ തിളങ്ങിയപ്പോൾ അവസാന ഓവറുകളിൽ ക്രുണാൽ പാണ്ഡ്യ (13 പന്തിൽ 20) സ്കോറിങ് നിരക്ക് ഉയർത്തി. രണ്ട്‌ നിർണായക വിക്കറ്റുകളും വീഴ്‌ത്തിയ ക്രുണാലാണ്‌ കളിയിലെ താരം.

നേരത്തെ രോഹിത് ശര്‍മയുടെ (67) അര്‍ധ സെഞ്ചുറിയാണ് ഇന്ത്യക്ക് ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്. രോഹിത്തിന്റെ കരുത്തില്‍ ടീമിന് മികച്ച തുടക്കം ലഭിച്ചെങ്കിലും മധ്യനിരയ്ക്ക് കാര്യങ്ങള്‍ ഏറ്റെടുക്കാന്‍ സാധിച്ചില്ല. അല്ലെങ്കില്‍ ഇതിലും മികച്ച സ്‌കോര്‍ ഇന്ത്യക്ക് നേടാമായിരുന്നു. ഒഷാനെ തോമസ്, ഷെല്‍ഡന്‍ കോട്ട്റെല്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീഴ്ത്തി.