ഫാസില്‍ ഫരീദിന് സിനിമാ ബന്ധവും, വിട്ടുകിട്ടാന്‍ യു.എ.ഇയോട് ഇന്ത്യ ആവശ്യപ്പെടും

ദുബായ്: തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസില്‍ എന്‍.ഐ.എ മൂന്നാംപ്രതിയാക്കിയ ഫാസില്‍ ഫരീദ് നേരത്തെയും സ്വര്‍ണം കടത്തിയതായി വിവരം അന്വേഷകര്‍ക്ക് വിവരം ലഭിച്ചു. ദുബായില്‍ ആഡംബര കാറുകളുടെ ഗ്യാരാഷും ജിമ്മും നടത്തുന്ന ഫാസില്‍ ഫരീദ് ചെറിയതോതിലാണ് സ്വര്‍ണക്കടത്ത് ആരംഭിച്ചത്. ഇപ്പോള്‍ കേരളത്തിലേക്കുള്ള സ്വര്‍ണക്കടത്തില്‍ പ്രധാനിയാണെന്നാണ് കരുതുന്നത്. കൊടുങ്ങല്ലൂര്‍ മൂന്നുപീടിക സ്വദേശിയാണ്.ആഡംബര കാറുകളോട് ഏറെ പ്രിയമാണ്. അതിനാല്‍തന്നെ ഇയാളുടെ ഗ്യാരാഷില്‍ ആഡംബരവാഹനങ്ങള്‍ ധാരാളം എത്താറുണ്ട്. കാര്‍ റേസിങ്ങില്‍ കമ്പക്കാരനായ ഫാസില്‍ ഫരീദിന് സിനിമാ താരങ്ങളുമായി അടുത്തബന്ധമുണ്ട്. ദുബായിലെത്തുന്ന സിനിമാ താരങ്ങളുമായി പരിചയപ്പെടുകയും അടുപ്പം സൂക്ഷിക്കുകയും ചെയ്തിരുന്നു. ഒരു ബോളിവുഡ് താരമാണ് ഫാസിലിന്റെ ജിംനേഷ്യം ഉദ്ഘാടനം ചെയ്തതത്രെ. ദുബായ് അല്‍റാഷിദിയയില്‍ താമസിക്കുന്ന ഫാസില്‍ ഫരീദിനെ ഇന്ത്യയിലേക്ക് കൈമാറാന്‍ യുഎഇയോട് ആവശ്യപ്പെടും. ഇയാള്‍ക്കൊപ്പം മറ്റുചിലരും സ്വര്‍ണക്കടത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും സൂചനകളുണ്ട്. ഇവര്‍ക്കായി എന്‍.ഐ.എ വലവിരിച്ചിട്ടുണ്ട്.