കര്‍ണാടക മുന്‍ ഉപമുഖ്യമന്ത്രിയുടെ വീട്ടിലെ റെയ്ഡിൽ റെയ്ഡില്‍ 5 കോടി കണ്ടെടുത്തു

ബംഗ്ലൂരു: കര്‍ണാടക മുന്‍ ഉപമുഖ്യമന്ത്രി ജി പരമേശ്വര അടക്കമുള്ള രാഷ്ട്രീയ നേതാക്കളുടെ വീട്ടില്‍ നടന്ന ആദായനികുതി വകുപ്പിന്‍റെ റെയ്ഡില്‍ ഇതുവരെ 5 കോടി പിടിച്ചെടുത്തതായി റിപ്പോര്‍ട്ട്. വ്യാഴാഴ്ച നടന്ന റെയ്ഡില്‍ 5 കോടി രൂപയുടെ അനധികൃത പണം കണ്ടെടുത്തതായി ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇന്നലെയാണ് ജി പരമേശ്വരയുടെ വസതിയിലും അദ്ദേഹത്തിന്‍റെ ഉടമസ്ഥതയിലുള്ള മെഡിക്കല്‍ കോളേജിലും മുന്‍കേന്ദ്രമന്ത്രി ആര്‍ എല്‍ ജ്വാലപ്പയുടെ സ്വകാര്യ മെഡിക്കല്‍ കോളേജിലുമടക്കം റെയിഡ് നടന്നത്.

നീറ്റ് പരീക്ഷാ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട ടാക്സ് തട്ടിപ്പ് അന്വേഷണങ്ങളുടെ ഭാഗമാണ് റെയ്ഡെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ബെംഗളൂരുവിലും തുമകൂരുവിലുമായി പരമേശ്വരയുമായി ബന്ധമുള്ള 30 ഓളം ഇടങ്ങളിലാണ് റെയ്ഡ് നടന്നത്. പരമേശ്വരയുടെ ഓഫീസ്, വസതി ഇന്‍സ്റ്റിറ്റ്യൂഷന്‍, എന്നിവയ്ക്ക് പുറമെ സഹോദരന്‍ ജി ശിവപ്രസാദിന്‍റെയും പിഎ രമേശിന്‍റേയും വസതികളിലും തെരച്ചില്‍ നടത്തി.

പണത്തിന് പുറമെ മെഡിക്കല്‍ അഡ്മിഷന്‍ ക്രമക്കേടിന് തെളിവായിട്ടുള്ള രേഖകളും കണ്ടെടുത്തിട്ടുണ്ടെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. പരമേശ്വരയുടെ സഹോദരന്റെ മകന്‍ ആനന്ദിന്റെ വീട്ടിലും സിദ്ധാര്‍ത്ഥ മെഡിക്കല്‍ കോളേജിലും ഇന്ന് റെയ്ഡ് നടന്നു.