2025ല്‍ പാകിസ്താന്‍ ഇന്ത്യയുടെ ഭാഗമാകുമെന്ന് ആര്‍എസ്എസ് നേതാവ്

മുംബൈ: 2025ല്‍ പാകിസ്താന്‍ ഇന്ത്യയുടെ ഭാഗമാകുമെന്ന് പ്രസംഗിച്ച് ആര്‍എസ്എസ് നേതാവ് ഇന്ദ്രേഷ് കുമാര്‍. “ഇത് നിങ്ങള്‍ എഴുതി വെച്ചോളൂ, അഞ്ചോ ഏഴോ വര്‍ഷം കഴിയുമ്പോള്‍ നിങ്ങള്‍ക്ക് കറാച്ചിയിലോ ലാഹോറിലോ റാവല്‍പിണ്ടിയിലോ സിയാല്‍കോട്ടിലോ വീട് വാങ്ങുകയോ വ്യാപാര സ്ഥാപനം തുടങ്ങുകയോ ചെയ്യാം”, ഇന്ദ്രേഷ് കുമാര്‍ പറഞ്ഞു. ഇന്ത്യന്‍ എക്‌സ്പ്രസ്സാണ് പ്രസംഗം റിപ്പോര്‍ട്ട് ചെയ്തത്.

“1947ന് മുമ്പ് പാകിസ്താന്‍ ഉണ്ടായിരുന്നില്ല. 1945ന് മുമ്പ് ഹിന്ദുസ്ഥാന്റെ ഭാഗമായിരുന്നു അത്. 2025നു ശേഷവും അത് ഹിന്ദുസ്ഥാന്റെ ഭാഗമാകും”, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രാജ്യദ്രോഹികള്‍ക്കെതിരേ നടപടിയെടുക്കണമെന്ന് ഹമീദ് അന്‍സാരിയെയും നസറുദ്ദീനെയും പരാമര്‍ശിച്ചുകൊണ്ട് വിവാദ പ്രസ്താവനയും അദ്ദേഹം നടത്തി.

“ദേശദ്രോഹികള്‍ക്കെതിരേയും നടപടിയുണ്ടാവണം.അവര്‍ മഹാരാഷ്ട്രയില്‍ നിന്നുള്ളവരോ ജെന്‍യുക്കാരോ ആരോ ആവട്ടെ. അങ്ങനെയെങ്കില്‍ മറ്റൊരു നസറുദ്ദീനോ, ഹമാദ് അന്‍സാരിയോ, നവജ്യോത്‌ സിദ്ദുവോ ഉണ്ടാവില്ല”.

രാജ്യം മുഴുവന്‍ കശ്മീരികള്‍ക്കായി തുറന്നു കൊടുത്തിരിക്കുകയാണ്. എന്നിട്ടും എന്തു കൊണ്ടാണ് കശ്മീര്‍ എല്ലാ ഹിന്ദുസ്ഥാനികള്‍ക്കായും തുറന്നു കൊടുക്കാത്തതെന്നും അദ്ദേഹം ആരോപിച്ചു.