പൗരന്മാരെല്ലാം ജൂണ്‍ 30ന് മുമ്പ് സ്വത്ത് വെളിപ്പെടുത്തണമെന്ന്‌ ഇമ്രാന്‍ ഖാന്‍

ഇസ്ലാമാബാദ്: പൗരന്മാരെല്ലാവരും സ്വത്ത് വെളിപ്പെടുത്തണമെന്ന് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്നാണ് ആഹ്വാനം. ജൂണ്‍ 30 ന് മുമ്പ് എല്ലാ പാക് പൗരന്മാരും സ്വത്ത് വെളിപ്പെടുത്തല്‍ പദ്ധതിയിലൂടെ തങ്ങളുടെ സ്വത്ത് വിവരങ്ങള്‍ വെളിപ്പെടുത്തണമെന്നാണ് ഇമ്രാന്‍ ഖാന്‍ ആവശ്യപ്പെട്ടത്. നികുതി അടച്ചില്ലെങ്കില്‍ രാജ്യത്തിന് മുന്നോട്ട് പോകാനാകില്ലെന്ന്‌ പൗരന്മാരോടായി അദ്ദേഹം പറഞ്ഞു.

ബജറ്റ് സമ്മേളനം തുടങ്ങാനിരിക്കെയാണ് ഇമ്രാന്‍ ഖാന്റെ ആഹ്വാനമെന്നത്‌ ശ്രദ്ധേയമാണ്. മികച്ച രാജ്യമായി മാറാന്‍ നാം സ്വയം മാറേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ബിനാമി സ്വത്തുക്കള്‍, ബിനാമി ബാങ്ക് അക്കൗണ്ടുകള്‍, വിദേശ രാജ്യങ്ങളില്‍ നിക്ഷേപിച്ചിട്ടുള്ള പണത്തിന്റെ വിവരങ്ങള്‍ എന്നിവയാണ് ജൂണ്‍ 30 ന് മുമ്പ് വെളിപ്പെടുത്തണമെന്ന് ഇമ്രാന്‍ ഖാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ആര്‍ക്കൊക്കെ ബിനാമി സ്വത്തുവകകള്‍ ഉണ്ടെന്നതിനെപ്പറ്റിയുള്ള മുഴുവന്‍ വിവരങ്ങളും അന്വേഷണ ഏജന്‍സികളുടെ പക്കലുണ്ടെന്നും ഇമ്രാന്‍ ഖാന്‍ മുന്നറിയിപ്പ് നല്‍കി. ജൂണ്‍ 30 ന് ശേഷം ആര്‍ക്കും ഇനി അവസരം നല്‍കില്ലെന്നും ഇമ്രാന്‍ ഖാന്‍ പൗരന്മാരോടായി പറഞ്ഞു.