ഇടുക്കിയില്‍ ട്രയല്‍ റണ്‍: 12 മണിയോടെ ഷട്ടര്‍ തുറക്കും

ഇടുക്കി: കനത്ത മഴയെ തുടര്‍ന്ന് ഇടുക്കിയിൽ ട്രയല്‍ റണ്‍ നടത്താന്‍ സര്‍ക്കാര്‍ അനുമതി നല്‍കി. ഇടുക്കി ഡാം അതിവേഗം നിറയുന്ന സാഹചര്യത്തിലാണ് നടപടി. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അടിയന്തരയോഗമാണ് ട്രയല്‍ റണ്‍ നടത്താന്‍ കെ.എസ്.ഇബിക്ക് അനുമതി നല്‍കിയത്. 12 മണിയോടെ ചെറുതോണിയിലെ ഒരു ഷട്ടര്‍ തുറക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്ന് വൈദ്യുതി മന്ത്രി എം.എം.മണി പറഞ്ഞു.

അഞ്ച് ഷട്ടറുകളില്‍ മധ്യഭാഗത്തെ ഷട്ടര്‍ ആകും തുറക്കുക. സെക്കന്‍ഡില്‍ 50 ഘനമീറ്റര്‍ ജലമാണ് ഒഴുക്കി വിടുക. നാല് മണിക്കൂര്‍ നേരം തുറന്നിടും. ചെറുതോണി ഡാമിന്റെ താഴ്ത്തുള്ളവരും ചെറുതോണി, പെരിയാര്‍ നദികളുടെ 100 മീറ്റര്‍ പരിധിയിലുള്ളവരും സംരക്ഷിത സ്ഥാനത്തേക്ക് മാറണമെന്ന് ഇടുക്കി ജില്ലാ കളക് ടര്‍ ജീവന്‍ ബാബു അറിയിച്ചു.

ജലനിരപ്പ് ക്രമാതീതമായി ഉയരുകയും സംഭരണശേഷി കടക്കുകയും ചെയ്താല്‍ എപ്പോള്‍ വേണമെങ്കിലും ട്രയല്‍ റണ്‍ നടത്താനാണ് സര്‍ക്കാര്‍ നിര്‍ദേശം. ആദ്യഘട്ടത്തിന് ശേഷവും ഇടുക്കി ഡാമില്‍ വെള്ളം കുറഞ്ഞില്ലെങ്കില്‍ കൂടുതല്‍ ഷട്ടറുകള്‍ തുറക്കാനും സാധ്യതയുണ്ട്. രണ്ട് ദിവസം കൊണ്ട് ഇടുക്കി പദ്ധതി പ്രദേശത്ത് 136 മില്ലി മീറ്റര്‍ മഴ ലഭിക്കുകയും നീരൊഴുക്ക് ശക്തമാക്കുകയും ചെയ്തതോടെയാണ് അടിയന്തരമായി ട്രയല്‍ റണ്‍ നടത്തേണ്ട അവസ്ഥയിലേക്ക് കാര്യങ്ങളെത്തിയത്.

ഡാം തുറക്കുന്ന സാഹചര്യത്തില്‍ ദുരന്തനിവാരണസേനയുമായി ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കേണ്ട ചുമതല റവന്യൂ വകുപ്പിനെ ഏല്‍പിച്ചിട്ടുണ്ട്. ജൂലൈ മൂന്നാം വാരമുണ്ടായ ശക്തമായ മഴയെ തുടര്‍ന്ന് ചെറുതോണി ഡാമിന്‍റെ ഷട്ടറുകള്‍ തുറക്കാന്‍ വേണ്ട മുന്നൊരുക്കങ്ങള്‍ കെ.എസ്.ഇ.ബിയും ജില്ലാഭരണകൂടവും നടത്തിയിരുന്നു. ഇപ്രകാരം പെരിയാര്‍ തീരത്ത് താമസിക്കുന്നവര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കുകയും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.അടിയന്തരസാഹചര്യത്തില്‍ ആളുകളെ മാറ്റിപാര്‍പ്പിക്കാനായി ഇടുക്കി ജില്ലയിലെ 12 സ്കൂളുകള്‍ സജ്ജമാക്കിയിട്ടുണ്ട്.