മാസപ്പിറവി കണ്ടില്ല, ഈദുല്‍ ഫിത്ര്‍ ഞായറാഴ്ചയെന്ന് ഖാസിമാര്‍

കോഴിക്കോട്: മാസപ്പിറവി ദൃശ്യമായില്ല; ഈദുൽ ഫിത്വർ ഞായറാഴ്ച

കോഴിക്കോട്: മാസപ്പിറവി കണ്ടതായി വിവരം ലഭിക്കാത്തതിനാല്‍ റമദാന്‍ 30 പൂര്‍ത്തിയാക്കി ഞായറാഴ്ച ചെറിയ പെരുന്നാള്‍ ആയിരിക്കുമെന്ന് ഖാസിമാര്‍ അറിയിച്ചു.
ഖാസിമാരായ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്‍റ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, സമസ്ത ജനറല്‍ സെക്രട്ടറി പ്രഫ. കെ. ആലിക്കുട്ടി മുസ്‌ല്യാര്‍, അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ല്യാര്‍, വിസ്ഡം ഹിലാല്‍ വിങ് ചെയര്‍മാന്‍ കെ. അബൂബക്കര്‍ സലഫി, കോഴിക്കോട് ഖാസിമാരായ മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി പാണക്കാട് നാസര്‍ ഹയ്യ് ശിഹാബ് തങ്ങള്‍, ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്‍റ് ചേലക്കുളം കെ.എം. മുഹമ്മദ് അബുല്‍ ബുഷ്റാ മൗലവി, കേരള മുസ്ലിം ജമാഅത്ത് ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്‍റ് കടയ്ക്കല്‍ അബ്ദുല്‍ അസീസ് മൗലവി എന്നിവര്‍ അറിയിച്ചു.

പെരുന്നാള്‍ ഞായറാഴ്ചയാണെങ്കില്‍ അന്നത്തെ സമ്പൂര്‍ണ ലോക്ഡൗണില്‍ ഇളവുവരുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചിരുന്നു. വെള്ളിയാഴ്ചയും ശനിയാഴ്ചയും രാത്രി 9 മണി വരെ അവശ്യസാധന കടകള്‍ തുറക്കാനും അനുമതി നല്‍കിയിട്ടുണ്ട്.
കോവിഡ് കണക്കിലെടുത്ത് ഇത്തവണ പൊതു ഈദ് ഗാഹ് പ്രാര്‍ഥനകള്‍ ഒഴിവാക്കി പകരം വീടുകളില്‍ പ്രാര്‍ഥനകള്‍ നടത്താന്‍ ഖാസിമാര്‍ നേരത്തെ നിര്‍ദേശിച്ചിരുന്നു.