കീഴ്ജീവനക്കാരനെക്കൊണ്ട് എച്ചില്‍പാത്രം കഴുകിപ്പിച്ച് യുവ ഐഎഎസ് ഓഫീസര്‍; പ്രതിഷേധമുയര്‍ന്നതോടെ ഖേദം പ്രകടിപ്പിച്ച് തടിയൂരി

തിരുവനന്തപുരം: തിരുവനനന്തപുരം കരമനയിലെ സര്‍ക്കാറിന്റെ പ്രമുഖ വകുപ്പിലാണ് കീഴ്ജീവനക്കാരനെക്കൊണ്ട് യുവ ഐഎഎസ് ഓഫീസര്‍ ഭക്ഷണം കഴിച്ച പാത്രം വൃത്തിയാക്കിയ സംഭവം പ്രതിഷേധത്തിനിടയാക്കിയത്. ഐഎഎസ് ഓഫീസര്‍ നേരത്തേയും ഓഫീസ് അസിസ്റ്റന്റിനെക്കൊണ്ട് താന്‍ കഴിച്ച ഭക്ഷണ പാത്രം കഴുകിക്കുമായിരുന്നു. പ്രതിഷേധമൊന്നും പരസ്യമായി പ്രകടിപ്പിക്കാതെ ഐഎഎസ് ഓഫീസറുടെ നിര്‍ദ്ദേശം ഓഫീസ് അസിസ്റ്റന്റ്് നിര്‍വഹിക്കുകയായയിരുന്നു. ഈ ജീവനക്കാരന്‍ സ്ഥലം മാറി മറ്റൊരു ഓഫീസിലേക്ക് പോകുകയും പകരം വന്ന ജീവനക്കാരനോട് ഇതേ ആവശ്യം യുവ ഐഎഎസ് ഓഫീസര്‍ ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ നിര്‍ദ്ദേശം പാലിക്കാന്‍ പുതിയതായി വന്ന ഓഫീസ് അസിസ്റ്റന്റ് തയ്യാറായില്ല. ഇതിനെത്തുടര്‍ന്ന് ഓഫീസ് അസിസ്റ്റന്റിനെതിരെ അച്ചടക്ക നടപടിയെടുക്കാന്‍ ഐഎഎസ് ഓഫീസര്‍ തയ്യാറായി. ഇത് ജീവനക്കാരുടെ പ്രതിഷേധത്തിനിടയാക്കി. ജീവനക്കാരുടെ സംഘടനകള്‍ പ്രശ്‌നം ഏറ്റെടുത്തു. ഇതേത്തുടര്‍ന്ന് യുവ ഐഎഎസ് ഓഫീസര്‍ ഖേദം പ്രകടിപ്പിച്ച് പ്രതിഷേധത്തില്‍ നിന്ന് രക്ഷപ്പെട്ടു. മാപ്പ് പറഞ്ഞതോടെ പരാതിയുമായി മുന്നോട്ട് പോകേണ്ടതില്ലെന്ന് ജീവനക്കാരുടെ സംഘടനകളും ഓഫീസ് അസിസ്റ്റന്റും തീരുമാനിച്ചു.

ഉദ്യോഗസ്ഥ തലത്തിലും ജീവനക്കാരുടെ ഇടയിലും സംഭവം ചര്‍ച്ചാവിഷയമായിട്ടുണ്ട്. പരാതി ഇല്ലെങ്കിലും ഇത്തരം ചെയ്തികള്‍ക്കെതിരെ നടപടി വേണമെന്നാണ് ആവശ്യം. യുവ ഐഎഎസ് ഓഫീസര്‍ ഖേദം പ്രകടിപ്പിച്ചതോടെ പ്രശ്‌നം ഒതുക്കിത്തീര്‍ത്ത ജീവനക്കാരുടെ സംഘടനാ ഭാരവാഹികള്‍ക്കെതിരെയും ജീവനക്കാര്‍ക്കിടയില്‍ അതൃപ്തിയുണ്ട്.