നീണ്ട നാല് വര്‍ഷങ്ങള്‍ക്ക് ശേഷം സാന്‍ട്രോ തിരിച്ചെത്തുന്നു

1997ല്‍ ഹ്യുണ്ടായ് ഇന്ത്യയിലെ ആദ്യത്തെ ടോള്‍ ബോയ് സാന്‍ട്രോയെ വിപണിയിലെത്തിച്ചു. ഈ ചെറു കാര്‍ ഇന്ത്യക്കാര്‍ക്ക് വലിയ പരിചയം ഇല്ലാതിരുന്ന ഹ്യുണ്ടേയ് എന്ന ബ്രാന്‍ഡിനെ വിപണിയില്‍ രണ്ടാമനാക്കി. ഒപ്പം മാരുതി സുസുക്കിയും പുതിയൊരു ടോള്‍ ബോയിയെ വിപണിയിലെത്തിച്ചു. വര്‍ഷങ്ങള്‍ നീണ്ട മത്സരത്തിലു ശേഷം 2014ല്‍ സാന്‍ട്രോ വിപണിയില്‍ നിന്നും പിന്‍വലിഞ്ഞു.

നാലു വര്‍ഷങ്ങള്‍ക്ക് ശേഷം സാന്‍ട്രോ തിരിച്ചെത്തുന്നു. പഴയ എതിരാളിയായ വാഗണിന് അടിമുടി മാറ്റം വന്ന് പുതിയൊരു വാഗണ്‍ ആറ് സാന്‍ട്രോയുമായുള്ള പോരാട്ടത്തിന് ഒരുങ്ങിക്കഴിഞ്ഞു. ഇരു കാറുകളും ഇന്ത്യയിലെ പരീക്ഷണ ഓട്ടങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു. പുതിയ കാറുകള്‍ ഈ വര്‍ഷം ഒക്ടോബറില്‍ വിപണിയിലെത്തുമെന്നാണ് സൂചന.

ഹ്യുണ്ടായ് ശ്രേണിയിലെ എന്‍ട്രി ലവല്‍ മോഡല്‍ ‘ ഇയോണി’ നു പകരമാകും സാന്‍ട്രോ ‘ എ.എച്ച്.ടു’ വിന്റെ വരവ്. ചെറുകാര്‍ സെഗ്മെന്റിലേക്കാണ് മത്സരിക്കുന്നതെങ്കിലും മസ്‌കുലാറായ രൂപമായിരിക്കും പുതിയ സാന്‍ട്രോയുടെ ഹൈലൈറ്റ്. സാന്‍ട്രോയിലുണ്ടായിരുന്ന നാലു സിലിണ്ടര്‍ ‘എപ്‌സിലൊണ്‍’ എന്‍ജിന്റെ പരിഷ്‌കൃത രൂപമാകും എന്‍ജിന് കരുത്തേകുക. എന്‍ജിന്റെ ശേഷി 1.2 ലിറ്ററായി ഉയര്‍ത്തുകയും മലിനീകരണ നിയന്ത്രണത്തില്‍ ഭാരത് സ്റ്റേജ് ആറ് നിലവാരം കൈവരിക്കാനും ഹ്യുണ്ടായ് ഈ കാറിലൂടെ ശ്രമിച്ചിട്ടുള്ളത്.