ഹ്യുണ്ടായുടെ കോംപാക്ട് എസ്യുവി വാഹനമായ ക്രെറ്റയുടെ പുതിയ പതിപ്പ് എത്തുന്നത് വമ്പനായി. വാഹനത്തിന്റെ വലിപ്പവും എന്ജിന് കരുത്തുമാണ് ക്രെറ്റയുമായി ബന്ധപ്പെട്ട് ഹ്യുണ്ടായി പുറത്തുവിട്ട ഏറ്റവും പുതിയ വിവരം. 4300 എംഎം നീളവും 1790 എംഎം വീതിയും 1622 എംഎം ഉയരവുമാണ് ഈ വാഹനത്തിനുള്ളത്. മുന്‍ മോഡലിനെക്കാള്‍ 30 എംഎം നീളവും 10 എംഎം വീതിയും പുതിയ മോഡലില്‍ കൂടുതലുണ്ട്. ഐഎക്സ്25 എന്ന കോഡ് നമ്പറില്‍ ഒരുങ്ങിയിരിക്കുന്ന ഈ വാഹനം ഇന്ത്യന്‍ നിരത്തുകളില്‍ പരീക്ഷണയോട്ടവും പൂര്‍ത്തിയാക്കികഴിഞ്ഞു.
ക്രെറ്റയുടെ മുന്‍ മോഡലില്‍ നല്‍കിയിരുന്ന 1.4 ലിറ്റര്‍, 1.6 ലിറ്റര്‍ ഡീസല്‍ എന്‍ജിനുകള്‍ക്ക് പകരം ബിഎസ്-6 നിലവാരത്തിലുള്ള 1.5 ഡീസല്‍ എന്ജിന് മാത്രമാണ് ഈ വരവിലുള്ളത്. 1.6 ലിറ്റര്‍ പെട്രോള്‍ എന്ജിന് നീക്കി 1.5 ലിറ്റര്‍ പെട്രോള്‍ എന്‍ജിനും 1.4 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എന്‍ജിനുമാണ് പുതുതായി നല്‍കിയത്.
നാല് ഗിയര്‍ബോക്സുകളാണ് ക്രെറ്റയിലും നല്‍കുന്നത്. ആറ് സ്പീഡ് മാനുവല്‍, സിവിടി(1.5 പെട്രോള്‍ എന്ജിന്), ഏഴ് സ്പീഡ് ഡ്യുവല്‍ ക്ലെച്ച് (1.4 പെട്രോള്‍ എന്ജിന്), ആറ് സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ (1.5 ഡീസല്‍ എന്ജിന്) എന്നിവയാണ് ട്രാന്സ്മിഷനുകള്.
കാസ്കേഡ് ഡിസൈനിലുള്ള റേഡിയേറ്റര്‍ ഗ്രില്ല്, നേര്‍ത്ത ഇന്റിക്കേറ്റര്‍, പുതിയ ഹെഡ്ലാമ്പ്, എല്‍ഇഡി ഡിആര്‍എല്‍, ഡ്യുവല്‍ ടോണ്‍ സ്പോര്‍ട്ടി ബമ്പര്‍ എന്നിവയാണ് ഡിസൈന്‍ മാറ്റം.
ഇത്തവണ ക്രെറ്റയുടെ ഇന്റീരിയര്‍ കൂടുതല്‍ ആഡംബരമാകുന്നുണ്ടെന്നാണ് സൂചന. കോക്പിറ്റ് സെന്റര്‍ കണ്‍സോളായിരിക്കും ഇതിലെ പ്രധാന മാറ്റം. വെന്യുവില്‍ നല്കുന്ന ബ്ലൂ ലിങ്ക് സംവിധാനമുള്ള ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ക്ലൈമറ്റ് കണ്ട്രോള്, ഡ്രൈവിങ് മോഡുകള്‍ എന്നിവ ഉണ്ടാകും.