യുവതി ആത്മഹത്യ ചെയ്‌ത സംഭവത്തിൽ ഭർത്താവ് പിടിയിലായി

വെമ്പായം: വട്ടപ്പാറ യുവതി ആത്മഹത്യ ചെയ്‌ത സംഭവത്തിൽ ഭർത്താവ് പിടിയിലായി.തിരുവല്ലം പാച്ചല്ലൂർ കുമിളി ലെയ്‌നിൽ വത്സലാഭവനിൽ പ്രദീപ് എന്നു വിളിക്കുന്ന രാജേഷ് കുമാറാണ് (32) പിടിയിലായത്. ഒളിവിലായിരുന്ന രാജേഷിന് മെഡിക്കൽ കോളേജിൽ നിന്നുമാണ് പിടികൂടിയതെന്ന് പൊലീസ് പറഞ്ഞു. വട്ടപ്പാറ പ്രശാന്ത് നഗറിൽ ആര്യാ ഭവനിൽ ആര്യാദേവനെയാണ് (23) ഇക്കഴിഞ്ഞ ബുധനാഴ്ച വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടത്.

ആര്യയെ വിവാഹം കഴിക്കുമ്പോൾ രാജേഷിന് മറ്റൊരു ഭാര്യ ഉണ്ടായിരുന്നു. ഇൗ വിവരം മറച്ചുവച്ചാണ് ഇയാൾ ആര്യയെ വിവാഹം കഴിച്ചത്. പിന്നീട് വിവരം അറിഞ്ഞതോടെ ആദ്യ ഭാര്യയെ ചൊല്ലി വഴക്കിട്ട് ഇരുവരും പിണങ്ങി ഒൻപത് മാസമായി ആര്യ അച്ഛനോടൊപ്പം താമസിച്ചു വരികയായിരുന്നു. മൂന്ന് ആഴ്ച മുൻപ് രാത്രിയിൽ രാജേഷ് ആര്യയുടെ വീട്ടിവെത്തി പണം ആവശ്യപ്പെട്ട് ബഹളം വച്ചതായും ആര്യയുടെ രക്ഷിതാക്കൾ പറയുന്നു. ബുധനാഴ്ച രാത്രി 11 ഓടെ ആര്യയുടെ കുട്ടികളുടെ കരച്ചിൽ കേട്ട് അമ്മയും സഹോദരിയും വാതിലിൽ തട്ടി വിളിച്ചിട്ടും തുറക്കാത്തത്തിനാൽ വാതിൽ പൊളിച്ച് നോക്കുമ്പോഴാണ് ബോധരഹിതയായ നിലയിൽ ആര്യയെ കാണുന്നത്. ഉടൻ ആശുപത്രിയിലെത്തെങ്കിലും മരണം സംഭവിച്ചിരുന്നു. വിഷം ഉള്ളിൽ ചെന്ന് മരിച്ചെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ഒരു വയസുകാരായ ഹർഷൻ,ഹർഷിത് എന്നിവരാണ് മക്കൾ