നിപ്പ പകരുന്നത് ഇങ്ങനെ; മണിപ്പാല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഹെഡ് ഓഫ് ദ ഡിപ്പാര്‍ട്ട്‌മെന്റ് പറയുന്നു

മണിപ്പാല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഹെഡ് ഓഫ് ദ ഡിപ്പാര്‍ട്ട്‌മെന്റ് ഡോ. ജി. അരുണ്‍ കുമാര്‍, കാലിക്കറ്റ് പ്രസ്‌ക്ലബ്ബിന്റെ നേതൃത്വത്തില്‍ നടത്തിയ ബോധവത്കരണക്ലാസില്‍ നിപ്പ പകരുന്നതെങ്ങനെ എന്ന് വിശദമാക്കി.നിപ്പ പകരുന്നത് വലിയ തുള്ളി സ്രവങ്ങളില്‍ നിന്നുമാണ് എന്ന് അദ്ദേഹം പറഞ്ഞു.

വലിപ്പമുള്ള സ്രവകണങ്ങളില്‍നിന്നുമാത്രമേ നിപ്പ പകരുകയുള്ളൂ. ചെറിയ കണങ്ങളില്‍ നിപ്പ വൈറസിന് അതിജീവിക്കാനാവില്ല. നിപ്പ വൈറസ് ബാധിച്ചവര്‍ ചുമയ്ക്കുമ്പോഴോ തുമ്മുമ്പോഴോ ആണ് ഉമിനീര്‍പോലുള്ള സ്രവങ്ങള്‍ തെറിക്കാന്‍ സാധ്യതയുള്ളത്. ഇത് ഒരു മീറ്ററിലധികം പോകില്ല. ശരീരത്തില്‍ക്കൂടിമാത്രമേ നിപ്പ ബാധിക്കുകയുള്ളൂ. സാബിത്തിന് പകര്‍ന്നത് വവ്വാലില്‍നിന്ന് നേരിട്ടാവാം. വൈറസ്ബാധയുള്ള വവ്വാലുമായി സാബിത്തിന് നേരിട്ട് സമ്പര്‍ക്കമുണ്ടായിരിക്കാം. സാഹചര്യം വിലയിരുത്തുമ്പോള്‍ വവ്വാല്‍ കഴിച്ച പഴങ്ങളില്‍നിന്നല്ല നിപ്പ വൈറസ് ബാധിച്ചത്. ആ രീതിയിലായിരുന്നെങ്കില്‍ കൂടുതല്‍ പേര്‍ക്ക് നിപ്പ സമാനമായ രീതിയില്‍ പിടിപെടുമായിരുന്നു. എന്നാല്‍, അതുണ്ടായിട്ടില്ല.ഒരുപക്ഷേ, വീണുകിടക്കുന്ന വവ്വാല്‍ക്കുഞ്ഞിനെ കൈകൊണ്ട് എടുത്തിരിക്കാനാണ് സാധ്യതയുള്ളത്. അതുവഴിയാകും ശരീരത്തില്‍ പകര്‍ന്നതെന്നാണ് ഇപ്പോഴത്തെ നിഗമനം.

നിപ്പ ബാധിച്ച് മരിച്ച 18 പേരില്‍ 16 പേര്‍ക്കും വൈറസ് ബാധയുണ്ടായത് ആദ്യം മരിച്ച സാബിത്തില്‍നിന്നാകാണം. ഇതുവരെ നടന്ന നിപ്പ വൈറസ് മരണം, സാഹചര്യങ്ങള്‍, സംഭവങ്ങള്‍ തുടങ്ങിയവയുടെ അടിസ്ഥാനത്തിലാണ് നിഗമനം. രോഗം സ്ഥിരീകരിക്കുന്നതിനുമുമ്പാണ് ഇവര്‍ക്കെല്ലാം പകര്‍ന്നത്. ഒരാള്‍ക്കുമാത്രമാണ് രണ്ടാംഘട്ടത്തില്‍ നിപ്പ വന്നത്. ആശുപത്രികളില്‍നിന്നാണ് നിപ്പ പകര്‍ന്നത്.

പേരാമ്പ്രഭാഗത്ത് ഇനി നിപ്പ പനി റിപ്പോര്‍ട്ട് ചെയ്യാന്‍ സാധ്യതയില്ല. മുക്കം ആശുപത്രി നിരീക്ഷണത്തിലാണ്. രോഗം സ്ഥിരീകരിക്കുന്നതിനുമുമ്പ് പകര്‍ന്ന ആളുകളാണ് ഇപ്പോള്‍ മരിച്ചിരിക്കുന്നത്. അവസാന കേസ് റിപ്പോര്‍ട്ടോ മരണമോ സംഭവിച്ചതിനുശേഷം 42 ദിവസം പുതിയ സംഭവങ്ങള്‍ ഉണ്ടായിട്ടില്ലെങ്കില്‍ പനി നിയന്ത്രണവിധേയമാണ്.