നഗരത്തിലെ ഹോട്ടലുകളിൽ നിന്ന് പഴകിയ ഭക്ഷണം പിടിച്ചെടുത്തു; കർശന നടപടിയെടുക്കുമെന്ന് മേയർ

തിരുവനന്തപുരം: നഗരത്തിലെ ഹോട്ടലുകളില്‍ നഗരസഭാ ആരോഗ്യവിഭാഗം നടത്തിയ പരിശോധനയില്‍ നിരവധി പഴകിയ ഭക്ഷണം പിടിച്ചെടുത്തു. വൃത്തിഹീനമായ സാഹചര്യത്തില്‍ പാകംചെയ്ത ഭക്ഷണവും പിടിച്ചെടുത്തവയില്‍ ഉള്‍പ്പെടുന്നു. സംഭവത്തിൽ കർശന നടപടി എടുക്കുമെന്ന് തിരുവനന്തപുരം മേയര്‍ വി.കെ. പ്രശാന്ത് അറിയിച്ചു. നിരന്തരമായി വീഴ്ച വരുത്തുന്ന ഹോട്ടലുകള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നാണ് അദ്ദേഹം അറിയിച്ചത്.

ഒരാഴ്ചയോളം പഴകിയ ഭക്ഷണസാധനങ്ങളാണ് പിടിച്ചെടുത്തത്. നാല് സംഘങ്ങളായി തിരിഞ്ഞ് സ്റ്റാച്യു, പാളയം, തമ്പാനൂര്‍, കരമന, ഓവര്‍ ബ്രിഡ്ജ്, അട്ടക്കുളങ്ങര എന്നിവിടങ്ങളിലായി നഗരപ്രദേശത്തെ അറുപതോളം ഹോട്ടലുകളിലാണ് നഗരസഭാ ആരോഗ്യവിഭാഗവും ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരും ചേര്‍ന്ന് പരിശോധന നടത്തിയത്. ഇതില്‍ മുപ്പതോളം ഹോട്ടലുകളില്‍ നിന്നും പഴകിയ ഭക്ഷണ സാധനങ്ങള്‍ കണ്ടെടുത്തതായി ഉദ്യോഗസ്ഥര്‍ പറയുന്നു.

നഗരമധ്യത്തില്‍ തന്നെയുള്ള ത്രീ സ്റ്റാര്‍ ഹോട്ടലുകളായ പങ്കജ്, ചിരാഗ് ഇന്‍, ഗീത് എന്നീ ഹോട്ടലുകളില്‍ നിന്നും പാളയത്തെ ഹോട്ടല്‍ എം.ആര്‍.എ, സംസം ഹോട്ടലുകള്‍, ഹോട്ടല്‍ ആര്യാസ്, അട്ടക്കുളങ്ങരയിലെ ഹോട്ടല്‍ ബുഹാരി, ബിസ്മി, ദീനത്ത്, ഇഫ്താര്‍, സണ്‍ വ്യൂ, ആയുര്‍വേദ കോളേജ് ജംഗ്ഷനിലെ ഹോട്ടല്‍ ഓപ്പണ്‍ ഹൗസ്, ഹോട്ടല്‍ സഫാരി എന്നിവിടങ്ങളില്‍ നിന്നും പഴകിയ ഭക്ഷണം പിടിച്ചെടുത്തിട്ടുണ്ട്.