ഹോണ്ടയുടെ ആദ്യ ഇലക്ട്രിക് കാറിന്റെ പേര് പുറത്തുവിട്ടു

വാഹന പ്രേമികളുടെ കാത്തിരിപ്പ് അവസാനിപ്പിച്ച് കൊണ്ട് ഹോണ്ട തങ്ങളുടെ പുതിയ ഇലക്ട്രിക്ക് കാറിന് പേരിട്ടിരിക്കുകയാണ്. ഹോണ്ട ഇ എന്ന പേരുള്ള ഈ ഇലക്ട്രിക്ക് കാര്‍ 2018 ഫ്രാങ്ക്ഫര്‍ട്ട് മോട്ടോര്‍ ഷോയില്‍ കമ്പനി അവതരിപ്പിച്ച അര്‍ബ്ബന്‍ ഇ വി കോണ്‍സെപ്റ്റിനെ അടിസ്ഥാനമാക്കിയാണ് നിര്‍മ്മിച്ചിരിക്കുന്നത്. ഈ വര്‍ഷം തുടക്കത്തില്‍ നടന്ന 2019 ജനീവ മോട്ടോര്‍ ഷോയില്‍ സമാന കോണ്‍സെപ്റ്റിന്റെ ഏകദേശ നിര്‍മ്മാണ മാതൃകയും കമ്പനി അവതരിപ്പിച്ചിരുന്നു.

ജനീവ മോട്ടോര്‍ ഷോയില്‍ അവതരിപ്പിച്ച ആദ്യ മാതൃകയോട് ഏകദേശം 95 ശതമാനത്തോളം സാമ്യം പുലര്‍ത്തുന്നതാണ് ഇപ്പോഴുള്ള പ്രൊഡക്ഷന്‍ രൂപം. എന്നാല്‍, കാറിന്റെ സാങ്കേതികയെ സംബന്ധിച്ച വിശദാംശങ്ങള്‍ കമ്പനി ഇതുവരെ പുറത്തുവിട്ടിട്ടില്ല.

അടുത്തിടെ വന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത് 97 bhp കരുത്തും 300 Nm torque ഉം പരമാവധി പ്രവര്‍ത്തിപ്പിക്കുന്ന വൈദ്യുത മോട്ടോറായിരിക്കും കാറിലുണ്ടാകും എന്നാണ്. എന്നാല്‍, വൈദ്യുത കാറായത് കൊണ്ട് തന്നെ ഇത് സാധ്യമാകുമോയെന്നത് കണ്ടറിയണം.

 

ഒറ്റ ചാര്‍ജ്ജില്‍ 201 കിലോമീറ്റര്‍ വരെ സഞ്ചരിക്കാന്‍ ഹോണ്ട ഇയ്ക്ക് ആവുമെന്ന് നിര്‍മ്മാതാക്കൾ വാദിക്കുന്നു. 30 മിനുട്ടുകള്‍ക്കുള്ളില്‍ 80 ശതമാനം ചാര്‍ജ് കേറുന്ന ഫാസ്റ്റ് ചാര്‍ജ്ജിംഗ് സംവിധാനം കാറിനുണ്ട്.
പാനസോണിക് നിര്‍മ്മിത ബാറ്ററികളാണ് പുതിയ ഹോണ്ട ഇ യിലുള്ളത്. രാജ്യാന്തര വിപണിയില്‍ ബിഎംഡബ്ല്യു ഐ3, കിയ ഇ-നിറോ എന്നിവയോടായിരിക്കും ഹോണ്ട ഇ മത്സരിക്കുക. ഒറ്റ ചാര്‍ജില്‍ 453 കിലോമീറ്ററാണ് ഇ-നിറോയുടെ ദൂരപരിധി. ഐ3 -യുടേതാകട്ടെ 310 കിലോമീറ്ററും.

 

ഇവ രണ്ടുമായി താരതമ്യം ചെയ്യുമ്പോള്‍ വളരെ കുറവാണ് ഹോണ്ട ഇ-യുടെ ദൂരപരിധിയെന്നത് ശ്രദ്ധിക്കേണ്ട കാര്യമാണ്. ജപ്പാനിലായിരിക്കും ഹോണ്ട ഇ -യുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുക. ആദ്യ ഘട്ടത്തില്‍ യൂറോപ്യന്‍ വിപണിയെ ലക്ഷ്യമാക്കിയാവും കമ്പനി ഇലക്ട്രിക്ക് കാര്‍ പുറത്തിറക്കുക.
ഇന്ത്യയിലേക്ക് ഹോണ്ട ഇ എത്തിക്കുന്ന കാര്യത്തില്‍ കമ്പനി ഇതുവരെ വ്യക്തത വരുത്തിയിട്ടില്ല.