ബാലകോട്ട് ആക്രമണത്തിന് ശേഷം കടന്ന് കയറ്റം 43 % കുറവെന്ന് സർക്കാർ

ബാലക്കോട്ട് വ്യോമാക്രമണത്തിന് ശേഷം രാജ്യത്തേക്കുള്ള നുഴഞ്ഞു കയറ്റത്തിൽ 43% കുറവ് വന്നതായി ആഭ്യന്തരസഹമന്ത്രി നിത്യാനന്ദ് റായി ലോക്‌സഭയില്‍ അറിയിച്ചു. ജമ്മു ക്മീരിലെ സുരക്ഷാസംവിധാനങ്ങള്‍ വര്‍ധിപ്പിച്ചത് കാരണം കാശ്മീർ അതിർത്തിയിലേക്കുള്ള കടന്നുകയറ്റം കുറഞ്ഞതായും അദ്ദേഹം അറിയിച്ചു.

2018 ല്‍ ഈ കാലയളവില്‍ നടന്ന നുഴഞ്ഞുകയറ്റം ഇതിനിരട്ടിയായിരുന്നുവെന്ന് നിത്യാനന്ദ് റായി പറഞ്ഞു. ഫെബ്രുവരിയില്‍ ഇന്ത്യ നടത്തിയ ബാലാകോട്ട് ആക്രമണത്തിന് ശേഷം ജമ്മു കശ്മീരില്‍ സുരക്ഷാക്രമീകരണങ്ങള്‍ വര്‍ധിപ്പിച്ചിരുന്നു. രാജ്യാതിര്‍ത്തിയിലൂടെയുള്ള നുഴഞ്ഞുകയറ്റത്തെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

സംസ്ഥാനഭരണകൂടവുമായി സഹകരിച്ച് കേന്ദ്രം വിവിധവും ശക്തവുമായ സുരക്ഷാക്രമീകരണങ്ങള്‍ നടപ്പിലാക്കിയിരുന്നു. ഇതിന്റെ ഭാഗമായി അതിര്‍ത്തിയില്‍ സൈനിക വിന്യാസം വര്‍ധിപ്പിക്കുകയും സുരക്ഷാസേനയ്ക്ക് അത്യാധുനിക ആയുധങ്ങള്‍ നല്‍കുകയും സൈനികനീക്കങ്ങള്‍ മികച്ച രീതിയില്‍ ഏകോപിപ്പിക്കുകയും ചെയ്യുക വഴി അതിര്‍ത്തിയിലെ സുരക്ഷ വര്‍ധിപ്പിക്കാന്‍ സാധിച്ചതായി റായി പറഞ്ഞു.