വീട്ടില്‍ നിരീക്ഷണം ഐ.സി.എം.ആര്‍ പറഞ്ഞിട്ട്, ഫലപ്രദമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ചെറിയ രോഗലക്ഷണങ്ങളുള്ളവരെ ഹോം കെയര്‍ ഐസൊലേഷനിലാക്കാമെന്ന് ഐസിഎംആര്‍ ജൂലൈ രണ്ടിന് ഗൈഡ്‌ലൈന്‍ പുറത്തിറക്കിയിരുന്നു. ഇത് മറ്റ് പല സംസ്ഥാനങ്ങളും നടപ്പിലാക്കി. ആ ഗൈഡ്‌ലൈന്‍ അടിസ്ഥാനമാക്കി ഹോം കെയര്‍ ഐസൊലേഷന്‍ കേരളത്തിലും നടപ്പിലാക്കാമെന്ന് വിദഗ്ധ സമിതി ശുപാര്‍ശ ചെയ്തിട്ടുണ്ടെന്ന് ഇതുസംബന്ധിച്ചുണ്ടായ വിമര്‍ശനങ്ങള്‍ക്ക് മറുപടിയായി മുഖമന്ത്രി പറഞ്ഞു.
കോവിഡ് ബാധിച്ച ബഹുഭൂരിപക്ഷം ആളുകള്‍ക്കും രോഗലക്ഷണങ്ങള്‍ ഇല്ല. ഇവര്‍ക്ക് വലിയ ചികിത്സയും ആവശ്യമില്ല. ഇവര്‍ മറ്റുള്ളവരിലേക്ക് രോഗം പകര്‍ത്താതിരിക്കാനാണ് സിഎഫ്എല്‍ടിസികളില്‍ കിടത്തുന്നത്. വീട്ടില്‍ കഴിഞ്ഞെന്നു കരുതി പ്രത്യേക പ്രശ്‌നമൊന്നുമില്ല. ഒരു കാരണവശാലും മുറിവിട്ട് പുറത്തിറങ്ങരുത്; ഐസൊലേഷന്‍ വ്യവസ്ഥകള്‍ പൂര്‍ണമായും പാലിക്കാനാവണം.
രോഗലക്ഷണമില്ലാത്തവര്‍ക്കാണ് ഹോം കെയര്‍ ഐസൊലേഷന്‍ അനുവദിക്കുക. ടെലിഫോണിക് മോണിറ്ററിങ്, സ്വയം നിരീക്ഷിച്ച് രോഗലക്ഷണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യല്‍, ഫിങ്കര്‍ പള്‍സ് ഓക്‌സിമെട്രി റെക്കോര്‍ഡ് എന്നിവയാണ് ഹോം ഐസൊലേഷനില്‍ പ്രധാനം. ത്രിതല മോണിറ്ററിങ് സംവിധാനമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ജെപിഎച്ച്എന്‍, ആശ വര്‍ക്കര്‍, വളണ്ടിയര്‍ എന്നിവരാരെങ്കിലും നിശ്ചിത ദിവസങ്ങളില്‍ അവരെ സന്ദര്‍ശിച്ച് വിലയിരുത്തും. വിദഗ്ധ ഡോക്ടര്‍മാരുടെ മേല്‍നോട്ടവുമുണ്ടാകും. ആരോഗ്യ നിലയില്‍ എന്തെങ്കിലും ബുദ്ധിമുട്ടുകള്‍ ഉണ്ടാകുന്നെങ്കില്‍ ആശുപത്രിയിലാക്കും.

സിഎഫ്എല്‍ടിസിയില്‍ ചികിത്സയിലുള്ള പലരും പറയുന്നത് ‘ഞങ്ങള്‍ വീട്ടില്‍ പൊയ്‌ക്കോളാം എന്തെങ്കിലും രോഗലക്ഷണങ്ങളുണ്ടെങ്കില്‍ അറിയിച്ചാല്‍ പോരേ’ എന്നാണ്.
പരീക്ഷണാടിസ്ഥാനത്തില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഹോം കെയര്‍ ഐസൊലേഷന്‍ നടപ്പിലാക്കുന്നത്. ആരോഗ്യ പ്രവര്‍ത്തകരുടെ അവബോധം ഗുണം ചെയ്യുമെന്നതിനാലാണ് ആദ്യം അവരെ തെരഞ്ഞെടുത്തത്. എന്നാല്‍ ആരെയും നിര്‍ബന്ധിച്ച് ഹോം ഐസൊലേഷനില്‍ വിടില്ല. താല്‍പര്യമുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ സത്യവാങ്മൂലം നല്‍കണം.
കോവിഡ് പ്രതിരോധത്തിനായി പരീക്ഷിച്ച് വിജയിച്ചതാണ് ഹോം ക്വാറന്റൈന്‍. രോഗം മറ്റുള്ളവരിലേക്ക് പകരാതിരിക്കാന്‍ വീട്ടില്‍ ടോയിലറ്റ് ഉള്ള ഒരു മുറിയില്‍ ഒറ്റയ്ക്ക് കഴിയുന്ന രീതിയാണ് ഹോം ക്വാറന്റൈന്‍. ഇതിന് കഴിയാത്തവര്‍ക്ക് സര്‍ക്കാര്‍ കേന്ദ്രങ്ങളില്‍ ക്വാറന്റൈന്‍ സംവിധാനം ഒരുക്കിയിട്ടുണ്ട്. ബഹുഭൂരിപക്ഷത്തിനും പുറത്തിറങ്ങിയാല്‍ വീട്ടിലെ മറ്റുള്ളവര്‍ക്ക് രോഗം പകരുമെന്ന അവബോധം ഉണ്ട്. പ്രിയപ്പെട്ടവരെ രോഗത്തിലേക്ക് തള്ളി വിടാന്‍ ആരും തയ്യാറല്ലല്ലോ. വളരെ കുറച്ച് പേരാണ് ക്വാറന്റൈന്‍ നിര്‍ദേശങ്ങള്‍ ലംഘിച്ചിട്ടുള്ളത്. അവര്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.

ഹോം ക്വാറന്റൈന്‍ നടപ്പിലാക്കിയപ്പോഴും അന്നും പ്രതിപക്ഷം സര്‍ക്കാരിനെ വിമര്‍ശിച്ചതാണ്. മിറ്റിഗേഷന്‍ മെത്തേഡ് നടപ്പിലാക്കണമെന്നാണ് അന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞത്. അവസാനം കേരളം നടപ്പിലാക്കിയ ഹോം ക്വാറന്റൈന്‍ ലോകം തന്നെ അംഗീകരിക്കുന്ന കാഴ്ചയാണ് കണ്ടത്. മറ്റ് സംസ്ഥാനങ്ങളും ഹോം ക്വാറന്റൈനില്‍ കേരളത്തെ മാതൃകയാക്കുന്നുണ്ട്. ഇതിനിടയില്‍, ‘സ്വയം ചികിത്സിക്കുന്ന അവസ്ഥയിലേക്ക്’ രോഗികളെ തള്ളിവിടുന്നു എന്ന പരിഹാസം എങ്ങനെ വിശേഷിക്കപ്പെടേണ്ടതാണ് എന്ന് ജനങ്ങള്‍ തീരുമാനിക്കട്ടെ.
ഒരു കാര്യം കൂടി. സംസ്ഥാനത്ത് 29 കോവിഡ് ആശുപത്രികളിലായി 8715 ബെഡുകളും 25 മറ്റ് സര്‍ക്കാര്‍ ആശുപത്രികളിലായി 984 ബെഡുകളും, 103 സിഎഫ്എല്‍ടിസികളിലായി 14,894 ബെഡുകളും 19 സ്വകാര്യ ആശുപത്രികളിലായി 943 ബെഡുകളും ഉള്‍പ്പെടെ മൊത്തം 176 സ്ഥാപനങ്ങളിലായി 25,536 ബെഡുകള്‍ സജ്ജമാക്കിയിട്ടുണ്ട്. അതുകൊണ്ട് രോഗികളുടെ എണ്ണം വര്‍ധിച്ചാല്‍ ചികിത്സാസൗകര്യം ഉണ്ടാകില്ല എന്ന ആശങ്കയ്ക്ക് ഒരടിസ്ഥാനവുമില്ല.