ഹിന്ദു പെൺമക്കൾക്കും അച്ഛന്റെ സ്വത്തിൽ തുല്യാവകാശമെന്ന് സുപ്രിംകോടതി

ന്യൂഡൽഹി: ഹിന്ദു പിന്തുടർച്ചാവകാശ നിയമ ഭേദഗതി നിലവിൽ വന്ന 2005 സെപ്റ്റംബർ 9ന് മുമ്പ് അച്ഛൻ മരിച്ച പെണ്മക്കൾക്കും സ്വത്തിൽ തുല്യ അവകാശമെന്ന് സുപ്രീം കോടതി വിധിച്ചു. ജസ്റ്റിസ് അരുൺ മിശ്രയുടെ അധ്യക്ഷതയലുള്ള മൂന്നംഗ ബെഞ്ച് ആണ് സുപ്രധാന വിധി പ്രസ്താവിച്ചത്. 1956ലെ ഹിന്ദു പിന്തുടർച്ചാവകാശ നിയമം 2005ൽ ഭേദഗതി ചെയ്തതിനെ തുടർന്ന് പെൺമക്കൾക്ക് പിതാവിന്റെ സ്വത്തിൽ തുല്യ പങ്കാളിത്തം ലഭിച്ചിരുന്നു. എന്നാൽ, പെൺമക്കൾക്ക് സ്വത്തിൽ തുല്യ അവകാശം ലഭിക്കണമെങ്കിൽ ഭേദഗതി നിലവിൽ വന്ന 2005 സെപ്റ്റംബർ 9ന് പിതാവ് ജീവിച്ചിരിക്കണമെന്ന് 2015ൽ ജസ്റ്റിസുമാരായ അനിൽ ആർ. ദാവെയും എ.കെ. ഗോയലും അടങ്ങിയ സുപ്രീം കോടതിയുടെ ബെഞ്ച് വ്യക്തമാക്കിയിരുന്നു.