ഇപ്പോൾ സി.ബി.ഐ വേണ്ട; ബിഷപ്പിനെതിരായ അന്വേഷണത്തിൽ ഹൈക്കോടതിക്ക് തൃപ്തി

കൊച്ചി: ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരേ നടക്കുന്ന അന്വേഷണത്തിൽ ഹൈക്കോടതി തൃപ്തി രേഖപ്പെടുത്തി. കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് പോലീസ് സമർപ്പിച്ച സത്യവാങ്മൂലം പരിശോധിച്ച ശേഷമാണ് ഹൈക്കോടതി പരാമർശം. കുറ്റസമ്മതിച്ചാൽ പോലും തെളിവില്ലെങ്കിൽ ആരെയും അറസ്റ്റ് ചെയ്യാൻ കഴിയില്ലെന്നും കേസ് പരിഗണിക്കുന്നതിനിടെ ഹൈക്കോടതി നിരീക്ഷിച്ചു.

കേസിൽ സിബിഐ അന്വേഷണം ഈ ഘട്ടത്തിൽ ആവശ്യമില്ലെന്നും കോടതി നിരീക്ഷിച്ചു. ജലന്തർ ബിഷപ് ഫ്രങ്കോ മുളയ്ക്കലിനെതിരായ കേസിലെ അന്വേഷണ റിപ്പോർട്ട് പരിഗണിച്ചാണു കോടതിയുടെ നിർദേശം. ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചാണു റിപ്പോർട്ട് പരിഗണിച്ചത്. അന്വേഷണ ഉദ്യോഗസ്ഥനായ വൈക്കം ഡിവൈഎസ്പി കോടതിയിലെത്തിയിരുന്നു.

കന്യാസ്ത്രീയുടെ പരാതിയിൻമേൽ അന്വേഷണം നല്ല രീതിയിൽ പുരോഗമിക്കുകയാണെന്ന് നിരീക്ഷിച്ച ഹൈക്കോടതി അറസ്റ്റ് വേണമോ എന്ന് തീരുമാനിക്കേണ്ടത് അന്വേഷണ സംഘമാണെന്നും വ്യക്തമാക്കി. കന്യാസ്ത്രീയുടെ പരാതിയുമായി ബന്ധപ്പെട്ട് ബിഷപ്പിനോട് സെപ്റ്റംബർ 19ന് വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകാൻ അന്വേഷണ സംഘം നോട്ടീസ് നൽകിയിട്ടുണ്ട്. ഇതിന് ശേഷം കേസ് വീണ്ടും പരിഗണിക്കാമെന്നും ഹൈക്കോടതി അറിയിച്ചു.

പരാതിക്കാരിയുടെയും സാക്ഷികളുടെയും മൊഴികളിൽ വളരെയേറെ വൈരുദ്ധ്യങ്ങളുണ്ടെന്നാണ് അന്വേഷണ സംഘം ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിരിക്കുന്നത്. ഈ വൈരുദ്ധ്യങ്ങൾ ദൂരികരിച്ച ശേഷമാകും ബിഷപ്പിനെ അറസ്റ്റ് ചെയ്യണമോ വേണ്ടയോ എന്ന് തീരുമാനിക്കുക എന്നും പോലീസ് വ്യക്തമാക്കി. കേസ് അന്വേഷണത്തിന്‍റെ പുരോഗതിയും ലഭ്യമായ രേഖകളും പോലീസ് കോടതിക്ക് കൈമാറിയിരുന്നു.