ശബരിമലയിൽ വാഹനങ്ങൾക്ക് പാസ്: ഹൈക്കോടതി ഇടപെടാൻ വിസമ്മതിച്ചു; ഹർജി പിൻവലിച്ചു

കൊച്ചി: ശബരിമലയിൽ വാഹനങ്ങൾക്ക് പാസ് നിർബന്ധമാക്കിയതിനെ ചോദ്യം ചെയ്ത ഹർജി ഹൈക്കോടതി പിൻവലിച്ചു. ശബരിമലയിൽ വാഹനങ്ങൾക്ക് പാസ് വേണമെന്ന പൊലീസ് നടപടി സ്വാഭാവിക നിയന്ത്രണം മാത്രമെന്നും ഹൈക്കോടതി വ്യക്തമാക്കി. ഹർജിയിൽ ഇടപെടാൻ ഹൈക്കോടതി വിസമ്മതിച്ചു. വിഷയത്തിൽ സർക്കാരിന്‍റെ വാദം കേട്ടതോടെയാണ് കോടതി ഇടപെടാൻ വിസമ്മതിച്ചത്. സ്ത്രീപ്രവേശനം സംബന്ധിച്ച സുപ്രീംകോടതി വിധിക്ക് ശേഷം രണ്ടു തവണ ശബരിമല തുറന്നപ്പോഴും ക്രമസമാധാന പ്രശ്നമുണ്ടായത് സർക്കാർ ചൂണ്ടിക്കാട്ടി.

തുടർന്ന് വാഹനങ്ങൾക്ക് പാസ് ഏർപ്പെടുത്തുന്നത് എങ്ങനെയാണ് സഞ്ചാര സ്വാതന്ത്ര്യം തടയലാകുന്നതെന്ന് കോടതി ഹർജിക്കാരനോട് ചോദിച്ചു. ക്രമസമാധാനം കണക്കിലെടുത്ത് പോലീസിന്‍റെ സ്വാഭാവിക നടപടി മാത്രമാണിതെന്നും കോടതി നിരീക്ഷിച്ചു. ഹർജി തള്ളുമെന്ന് വ്യക്തമായതോടെ പരാതിക്കാർ ഹർജി പിൻവലിക്കുകയായിരുന്നു.