പാലാരിവട്ടം പാലം പൊളിക്കുന്നതിന് ഹൈക്കോടതിയുടെ താത്കാലിക സ്‌റ്റേ

കൊച്ചി: പാലാരിവട്ടം പാലം പൊളിക്കുന്നതിന് ഹൈക്കോടതി സ്റ്റേ കൽപ്പിച്ചു ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചു. എഞ്ചിനീയർമാരുടെ സംഘടന നൽകിയ ഹർജിയിലാണ് കോടതിയുടെ ഇടക്കാല ഉത്തരവ്. കൂടുതൽ വിദഗ്ധ പരിശോധന നടത്താതെ പാലം പൊളിക്കരുതെന്ന് ആവശ്യപ്പെട്ടായിരുന്നു എഞ്ചിനീയർമാരുടെ സംഘടന ഹൈക്കോടതിയെ സമീപിച്ചത്. ഭാര പരിശോധന അടക്കമുള്ളവയിൽ രണ്ടാഴ്ചയ്ക്കകം മറുപടി നൽകാനും സർക്കാരിനോട് ഹൈക്കോടതി നിർദേശിച്ചിട്ടുണ്ട്.

ഹൈക്കോടതിയുടെ അനുമതിയില്ലാതെ പാലം പൊളിക്കരുതെന്നും ലോഡ് ടെസ്റ്റ് നടത്തുന്നതില്‍ വിദഗ്ധരുമായി ആലോചിച്ച് സര്‍ക്കാര്‍ തീരുമാനം അറിയിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. സര്‍ക്കാര്‍ ഇക്കാര്യത്തില്‍ രണ്ടാഴ്ചക്കകം മറുപടി നല്‍കണമെന്നും കോടതി പറഞ്ഞു.

പാലാരിവട്ടം പാലത്തില്‍ പരിശോധന നടത്തിയശേഷം പാലം പൂര്‍ണ്ണമായും പുനര്‍ നിര്‍മ്മിക്കണമെന്ന ഇ. ശ്രീധരന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്നായിരുന്നു പാലം പൊളിക്കാനുള്ള സര്‍ക്കാരിന്റെ നടപടി. സമയബന്ധിതമായി പാലം പണി പൂര്‍ത്തിയാക്കാന്‍ ഇ. ശ്രീധരനെ തന്നെ സര്‍ക്കാര്‍ ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു.

എന്നാല്‍ അറ്റക്കുറ്റപ്പണി നടത്തി ഗതാഗത യോഗ്യമാക്കാന്‍ കഴിയുമോയെന്നു പരിശോധിക്കാതെ പൊളിക്കാനുള്ള തീരുമാനം തടയണമെന്നും സമയ ബന്ധിതമായി ലോഡ് ടെസ്റ്റ് നടത്താന്‍ സര്‍ക്കാരിനോട് നിര്‍ദേശിക്കണമെന്നും, ഇ. ശ്രീധരന്റെ വാക്കുകളുടെ അടിസ്ഥാനത്തിലാണ് പൊളിക്കാന്‍ പോകുന്നതെന്നും ഹരജിയില്‍ പറയുന്നുണ്ട്. അറ്റക്കുറ്റപ്പണി നടത്തിയാല്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കാമെന്ന് ചെന്നൈ ഐ.ഐ.ടിയുടെ പഠന റിപ്പോര്‍ട്ട് തള്ളിക്കൊണ്ടാണ് ഒരാളുടെ മാത്രം വാക്കിന്റെ ബലത്തില്‍ പാലം പൊളിക്കാന്‍ തീരുമാനിക്കുന്നതെന്നും ഹർജിയില്‍ പറയുന്നുണ്ട്.