സുപ്രിം കോടതി വിധിയുടെ മറവിൽ ശബരിമലയില്‍ പൊലീസ് അതിക്രമം: സർക്കാരിന് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം

കൊച്ചി: ശബരിമല വിഷയവുമായി ബന്ധപ്പെട്ട് സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. ശബരിമലയിലെ പൊലീസ് നടപടിയെയാണ് കോടതി രൂക്ഷമായി വിമർശിച്ചത്.യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് വിധിയുടെ മറവിൽ ശബരിമലയിൽ പൊലീസ് അതിക്രമം നടത്തുകയാണെന്ന് കോടതി വിമർശിച്ചു. ഭക്തരോട് സന്നിധാനത്ത് കയറരുതെന്ന് പറയാൻ എന്ത് അധികാരമാണുള്ളതെന്ന് കോടതി ചോദിച്ചു. ഹൈക്കോടതി ദേവസ്വം ബെഞ്ചിന്റേതാണ് വിമര്‍ശനം

ഭക്തരെ ബന്ധിയാക്കി സുപ്രീംകോടതി വിധി നടപ്പാക്കാന്‍ ശ്രമിക്കരുതെന്ന് കോടതി നിര്‍ദേശിച്ചു. ശബരിമലയില്‍ ഇത്ര കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തിയത് എന്തിനാണെന്ന് കോടതി ചോദിച്ചു. ഭക്തരെ സന്നിധാനത്ത് തങ്ങാന്‍ അനുവദിക്കാത്തതിന്റെ സാഹചര്യമെന്തെന്ന് വിശദീകരിക്കാനും കോടതി ആശ്യപ്പെട്ടു. പമ്പയിലേക്കുള്ള കെഎസ്ആര്‍ടിസി ബസ് സര്‍വീസില്‍ സര്‍ക്കാര്‍ ഇടപെടരുതെന്നും കോടതി നിര്‍ദേശിച്ചു.

ഡ്യൂട്ടിയിലുള്ള പോലീസ് ഉദ്യോഗസ്ഥരുടെ പൂര്‍ണമായ വിവരങ്ങള്‍ നല്‍കണം. ജനക്കൂട്ടത്തെ കൈകാര്യംചെയ്യുന്നതിന് പരിശീലനം ലഭിച്ചിട്ടുള്ളവരാണോ പോലീസുകാര്‍ എന്നകാര്യം വ്യക്തമാക്കാനും കോടതി നിര്‍ദേശിച്ചു. നിലയ്ക്കല്‍, പമ്പ, സന്നിധാനം എന്നിവിടങ്ങളില്‍ നിയോഗിച്ചിരിക്കുന്ന പോലീസുകാര്‍ക്ക് ശബരിമല ഡ്യൂട്ടിയിലുള്ള പരിചയം എന്തെന്ന് വ്യക്തമാക്കണമെന്നും കോടതി ആവശ്യപ്പെട്ടു.