ഇനി 1 മുതൽ 5 വരെ യു.പി; സ്‌കൂളുകളുടെ ഘടനാമാറ്റം അംഗീകരിച്ച് ഹൈക്കോടതി

കൊച്ചി: സംസ്ഥാനത്തെ എല്‍.പി, യു.പി സ്‌കൂളുകളുടെ ഘടനാമാറ്റം അംഗീകരിച്ച് ഹൈക്കോടതി. കേന്ദ്ര വിദ്യാഭ്യാസ അവകാശ നിയമത്തിനനുസരിച്ച് കേരളത്തിലെ സ്കൂളുകളിലും ഘടനാമാറ്റം വേണം. കേന്ദ്ര വിദ്യാഭ്യാസ അവകാശ നിയമമനുസരിച്ച് എൽ.പി ഒന്ന് മുതൽ അഞ്ച് വരെയും യു.പി ആറ് മുതൽ എട്ട് വരെയുമാണ്. ഒന്നുമുതല്‍ അഞ്ച് വരെയുള്ള ക്ലാസുകള്‍ ലോവര്‍ പ്രൈമറി വിഭാഗത്തിലും ആറുമുതല്‍ എട്ടുവരെയുള്ള ക്ലാസുകള്‍ അപ്പര്‍ പ്രൈമറി വിഭാഗത്തിലും ആക്കുന്നതാണ് പുതിയ തീരുമാനം. ഇതിനാണ് ഹൈക്കോടതിയുടെ അംഗീകാരം കിട്ടിയിരിക്കുന്നത്.

കേരള വിദ്യാഭ്യാസ നിയമമനുസരിച്ച് എല്‍.പി ഒന്ന് മുതൽ നാല് വരെയും യു.പി അഞ്ച് മുതൽ ഏഴ് വരെയുമാണ്. ഈ ഘടനയില്‍ മാറ്റം വരുത്താനാണ് ഹൈക്കോടതി ഉത്തരവ്. നാൽപതോളം സ്കൂൾ മാനേജ്മെൻറുകൾ നൽകിയ ഹർജികളിലാണ് ഹൈക്കോടതി വിധി. സംസ്ഥാനത്തെ സ്കൂളുകളിൽ കേന്ദ്ര വിദ്യാഭ്യാസ നിയമം നടപ്പാക്കാത്തത് നിയമ വിരുദ്ധമാണെന്നായിരുന്നു ഹർജിക്കാരുടെ ആരോപണം.

വിദ്യാധനം സര്‍വധനാല്‍ പ്രധാനമാണ്. അതിനാല്‍ തന്നെ അക്കാര്യത്തില്‍ ഒരുതരത്തിലുമുള്ള വിട്ടുവീഴ്ചകളോ നീക്കങ്ങളോ പാടില്ല. എല്ലാ കുട്ടികള്‍ക്കും വിദ്യാഭ്യാസം ഉറപ്പാക്കണം. അതുകൊണ്ട് തന്നെ വിദ്യാഭ്യാസ അവകാശ നിയമം അംഗീകരിക്കപ്പെടണമെന്നും കോടതി വ്യക്തമാക്കി.