ഇന്ത്യക്കാര്‍ക്ക് യു.എസിലേക്ക് സ്വാഗതം, വിസ നിയന്ത്രണം തുടരുമെന്ന് കോണ്‍സല്‍

മുംബൈ: യോഗ്യരായ ഇന്ത്യക്കാരെ അമേരിക്കയിലേക്ക് തുടര്‍ന്നും സ്വാഗതം ചെയ്യുമെന്ന് യുഎസ് കോണ്‍സല്‍ ജനറല്‍ എഡ്ഗാര്‍ഡ് കേഗന്‍ പറഞ്ഞു. എന്നാല്‍ എച്ച്.1 ബി വിസാ ചട്ടത്തില്‍ കര്‍ശനമായ നിയന്ത്രണങ്ങള്‍ തുടരും. ഇന്ത്യയുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രതിജ്ഞാബദ്ധനാണെന്നും കേഗന്‍ വ്യക്തമാക്കി. മുംബൈയില്‍ വാര്‍ത്താ ഏജന്‍സിയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ നിന്ന് യുഎസിലേക്ക് യാത്രചെയ്ത ഇന്ത്യക്കാരുടെ എണ്ണത്തില്‍ വലിയ വര്‍ധനയുണ്ടായതായി കേഗന്‍ പറഞ്ഞു. തങ്ങളെ യുഎസ് സ്വാഗതം ചെയ്യുന്നുവെന്ന് ഇന്ത്യക്കാര്‍ക്ക് ബോധ്യമുണ്ടെന്നതിന്റെ തെളിവാണിത്. ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ പഠനത്തിനായ യു.എസിലേക്ക് വവരുന്നത് പ്രോത്സാഹിപ്പിക്കും. ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ അമേരിക്കയിലും അവിടുത്തെ വിദ്യാര്‍ഥികള്‍ ഇന്ത്യയിലും പഠിക്കാനെത്തുന്നത് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ഊഷ്മളമാക്കും.
ഇന്ത്യക്കാരെ കൂടുതല്‍ പരിഗണിക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റി തന്റെ രാജ്യത്തിന് ബോധ്യമുണ്ടെന്നും കേഗന്‍ പറഞ്ഞു.