കനത്തമഴയിലും വെള്ളപ്പൊക്കത്തിലും 12 മരണം; വെള്ളിയാഴ്ച വരെ മഴയെന്ന് കാലാവസ്ഥാ കേന്ദ്രം

തിരുവനന്തപുരം: വ്യാപക നാശം വിതച്ച് സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. ഇതുവരെ 12 മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്. വെള്ളിയാഴ്ച വരെ മഴ തുടരുമെന്നും കടല്‍ക്ഷോഭത്തിന് സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്‍കി. തിരുവനന്തപുരം ഡിവിഷനില്‍ നിന്നുള്ള ഒന്‍പത് പാസഞ്ചര്‍ ട്രെയിനുകള്‍ റദ്ദ് ചെയ്തു. പലയിടത്തും ഉരുള്‍പൊട്ടലില്‍ വ്യാപകകൃഷി നാശനഷ്ടമാണുണ്ടായത്.

മൂന്ന് ദിവസമായി തുടരുന്ന കനത്ത മഴയില്‍ വ്യാപക നാശനഷ്ടങ്ങളാണ് സംസ്ഥാനത്താകെ ഇന്നും റിപ്പോര്‍ട്ട് ചെയ്തത്. തിരുവനന്തപുരം മുതല്‍ തൃശൂര്‍ വരെയുള്ള എട്ട് ജില്ലകളിലാണ് മഴ ശമനമില്ലാതെ പെയ്യുന്നത്. വിവിധ അപകടങ്ങളിലായി ഇതുവരെ എട്ട്് മരണമാണ് സ്ഥിരീകരിച്ചത്. ഇതില്‍ നാല് പേര്‍ ഇന്നു മാത്രം മരിച്ചവരാണ്. മരം വീണും വെള്ളം കയറിയും റോഡ് റെയില്‍ ഗതാഗതവും താറുമാറായി.

മുല്ലപ്പെരിയാര്‍ ഉള്‍പ്പെടെ മിക്ക അണക്കെട്ടുകളിലും ജലനിരപ്പുയര്‍ന്നു. മൂഴിയാര്‍, മണിയാര്‍ നെയ്യാര്‍ അണക്കെട്ടുകള്‍ തുറന്നുവിട്ടു. കോട്ടയം ആലപ്പുഴ ജില്ലകളില്‍ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. പൂഞ്ഞാര്‍, തീക്കോയി, തൊടുപുഴയ്ക്ക് സമീപം പൂമാല, മൂലമറ്റത്തിനടുത്ത് ആശ്രമം എന്നിവടങ്ങളില്‍ ഉരുള്‍ പൊട്ടി. കൊച്ചി ധനുഷ്‌കോടി പാതയില്‍ മണ്ണിടിച്ചിലിനെ തുടര്‍ന്ന് മൂന്നാര്‍ ഉള്‍പ്പെടെയുള്ള വിനോദ സഞ്ചാരമേഖല ഒറ്റപ്പെട്ടു. തെക്കന്‍ ജില്ലകളിലും മഴ കനത്ത നാശം വിതച്ചു. കടലാക്രമണം രൂക്ഷമായ തീരദേശ മേഖലകളിലെ നൂറുകണക്കിന് വീടുകളാണ് ഭീഷണി നേരിടുന്നത്. താല്‍കാലികമായി തീര്‍ത്ത കടല്‍ഭിത്തികള്‍ തകര്‍ന്ന് ഭൂരിഭാഗം വീടുകളിലും വെള്ളം കയറി.

കേരള, ലക്ഷദ്വീപ് തീരങ്ങളില്‍ മണിക്കൂറില്‍ 70 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നല്‍കുന്ന മുന്നറിയിപ്പ്. വിഴിഞ്ഞം മുതല്‍ കാസര്‍കോട് വരെയുള്ള കടല്‍തീരങ്ങളില്‍ നാലര മീറ്റര്‍ വരെ തിരമാല ഉയരാം. ഈ പ്രദേങ്ങളില്‍ കടല്‍ പ്രക്ഷുബ്ദമോ അതിപ്രക്ഷുബ്ദമോ ആകാന്‍ സാധ്യതയുണ്ട്. മത്സ്യതൊഴിലാളികള്‍ അടുത്ത 24 മണിക്കൂര്‍ മത്സ്യബന്ധനത്തിന് പോകരുതെന്നും മുന്നറിയിപ്പുണ്ട്. ജാഗ്രത പാലിക്കാന്‍ ജില്ലാ ഭരണകൂടങ്ങള്‍ക്കും നിര്‍ദേശം നല്‍കി.