കനത്ത മഴ: മുഖ്യമന്ത്രി ഉന്നതതല യോഗം വിളിച്ചു ചേർത്തു; ആശങ്ക വേണ്ട; ദേശീയ ദുരന്ത നിവാരണ സേനയുടെ സഹായം തേടും

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ പെയ്യുന്ന സാഹചര്യത്തിൽ മഴക്കെടുതി വിലയിരുത്താനും രക്ഷാപ്രവര്‍ത്തനങ്ങൾ ശക്തിപ്പെടുത്താനും മുഖ്യമന്ത്രി ഉന്നതതല യോഗം വിളിച്ചു ചേർത്തു. കനത്ത മഴയും മഴക്കെടുതിയും തുടരുന്ന സാഹചര്യത്തിൽ ദേശീയ ദുരന്ത നിവാരണ സേനയുടെ സഹായം തേടാനാണ് സംസ്ഥാന സര്‍ക്കാരിന്‍റെ തീരുമാനം. മൂന്നാറിലും നിലമ്പൂരിലും എൻഡിആര്‍എഫ് സംഘം രക്ഷാദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിൽ ഇപ്പോൾ തന്നെ സജീവമാണ്.

പത്ത് യൂണിറ്റിനെ കൂടി സംസ്ഥാന വ്യാപകമായി വിന്യസിക്കാനാണ് തീരുമാനം. കൊല്ലം തിരുവനന്തപുരം ഒഴികെയുള്ള മറ്റെല്ലാ ജില്ലകളിലും സേനയുടെ സേവനം ലഭ്യമാക്കാൻ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നും സര്‍ക്കാര്‍ അറിയിച്ചു. എന്നാൽ അതീവ ജാഗ്രത പാലിക്കാൻ ജില്ലാ ഭരണകൂടങ്ങൾക്കെല്ലാം നിര്‍ദ്ദേശം നൽകിയിട്ടുണ്ട്. സംസ്ഥാനത്ത് നാല് ജില്ലകളിലാണ് നിലവിൽ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. തിരുവനന്തപുരം കൊല്ലം ജില്ലകളിലൊഴികെ മറ്റെല്ലായിടത്തും ഓറഞ്ച് അലര്‍ട്ടും നിലവിലുണ്ട്.

ദക്ഷിണേന്ത്യയില്‍ അതിശക്തമായ മഴയാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ പെയ്തത്. നീലഗിരിയില്‍ മാത്രം 24 മണിക്കൂറിനുള്ളില്‍ 820 മില്ലി മീറ്റര്‍ മഴ പെയ്തതായി തമിഴ് നാട് വെതര്‍മാന്‍ പറയുന്നു.

കനത്ത മഴയെ തുടര്‍ന്ന് സംസ്ഥാനത്തെ പലയിടത്തും റോഡ് ഗതാഗതം താറുമാറായി. കോഴിക്കോട് തിക്കോടിയിലും മൂരാടും റോഡില്‍ മരംവീണതിനാല്‍ കോഴിക്കോട്-കണ്ണൂര്‍ ദേശീയപാതയില്‍ ഗതാഗതം തടസപ്പെട്ടു. ഇവിടെ ഗതാഗതം പുന:സ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. നിലമ്പൂര്‍ ടൗണില്‍ വെള്ളപ്പൊക്കം രൂക്ഷമായതിനാല്‍ സംസ്ഥാനപാതയിലും ഗതാഗതം മുടങ്ങി.

കുറ്റ്യാടി ചുരത്തില്‍ മണ്ണിടിച്ചിലിനെ തുടര്‍ന്ന് ഗതാഗതം തടസപ്പെട്ടു. ഇതോടെ താമരശേരി ചുരത്തില്‍ ഗതാഗതത്തിരക്ക് വര്‍ധിച്ചു. കൊട്ടിയൂര്‍ പാല്‍ച്ചുരം മാനന്തവാടി റോഡിലും ഗതാഗതം മുടങ്ങി.

കനത്ത മഴയും മണ്ണിടിച്ചിലും കാരണം കോട്ടയം-കുമളി റോഡില്‍ ഗതാഗതം പൂര്‍ണമായും തടസപ്പെട്ടു. ഇതുവഴിയുള്ള ബസ് സര്‍വീസുകളും നിര്‍ത്തിവെച്ചു. മൂന്നാറിലെ പെരിയവര പാലം വെള്ളപ്പാച്ചിലില്‍ ഒലിച്ചുപോയി.