ഓണദിനങ്ങളിലും മഴ തുടരും; തിങ്കളാഴ്ച വരെ സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴ

തിരുവനന്തപുരം: അടുത്താഴ്ചയും സംസ്ഥാനത്ത് മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ഇതോടെ ഓണദിനങ്ങളിലും മഴ തുടരും. പത്ത് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടാണ്. മൂന്ന് പേരാണ് ഇന്ന് മഴക്കെടുതിയിൽ മരിച്ചത്.

കൊല്ലത്തും കണ്ണൂരിലുമായി കനത്ത മഴയിൽ കെട്ടിടം തകർന്നുവീണ് ഇന്ന് മൂന്ന് പേർ മരിച്ചു. കൊല്ലം ചാത്തന്നൂരിൽ ഭിത്തി തകർന്ന് വീണ് ആന പാപ്പാന്മാരായ കല്ലുവാതുക്കൽ സ്വദേശി രഞ്ജിത്, കല്ലറ സ്വദേശി ചന്തു എന്നിവർ മരിച്ചു. അ‍ഞ്ച് പേർ കിടന്നുറങ്ങുകയായിരുന്ന കെട്ടിടത്തിനു മുകളിലേക്ക് മണ്ണിടിഞ്ഞു വീഴുകയായിരുന്നു. കണ്ണൂർ ചാലയിൽ വീട്ടിൽ ഉറങ്ങിക്കിടക്കുകയായിരുന്ന സരോജിനിയാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന സഹോദരൻ പരിക്കുകളോടെ രക്ഷപ്പെട്ടു.

ഒഡീഷ തീരത്ത് രൂപംകൊണ്ട ന്യൂനമർദ്ദമാണ് മഴ കൂടിയതിന് പ്രധാന കാരണം. തിങ്കളാഴ്ച വരെ സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴ തുടരും എന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ അറിയിപ്പ്. കൊല്ലം, പത്തനംതിട്ട, കോട്ടയം, വയനാട് ഒഴികെയുള്ള ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

ബാണാസുര സാഗർ ഡാമിന്റെ വൃഷ്ടി പ്രദേശത്ത് കനത്ത മഴ തുടരുന്നതിനാൽ എല്ലാ ഷട്ടറുകളും തുറന്നിട്ടുണ്ട്. തിരുവനന്തപുരത്ത് നെയ്യാർ, അരുവിക്കര, പേപ്പാറ ഡാമുകളുടെ ഷട്ടറുകൾ തുറന്നിട്ടുണ്ട്.