രാജ്യത്ത് ശക്തമായ പൊടിക്കാറ്റില്‍ മരണം 71 ആയി

ഡല്‍ഹി : രാജ്യത്ത് ശക്തമായ പൊടിക്കാറ്റിലും ഇടിമിന്നലിലും മരിച്ചവരുടെ എണ്ണം 71 ആയി. അഞ്ച് സംസ്ഥാനത്ത് ശക്തമായി വീശിയ പൊടിക്കാറ്റില്‍ വ്യാപക നാശനഷ്ടമുണ്ടായി. ശക്തമായ കാറ്റില്‍ മരങ്ങള്‍ കടപുഴകിവീണു ദൂരക്കാഴ്ച കുറയുകയും ചെയ്തു. ഇത് ഗതാഗതം താറുമാറാക്കി.

ഉത്തര്‍പ്രദേശിലാണ് ഏറ്റവും കൂടുതല്‍ ജീവഹാനിയുണ്ടായത്. 42 പേര്‍ മരിക്കുകയും 84 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ആന്ധ്രയില്‍ 12 പേരും ഡല്‍ഹിയില്‍ രണ്ടുപേരും പശ്ചിമ ബംഗാളില്‍ 14 പേരും മരിച്ചു. ഉത്തരാഖണ്ഡില്‍ ഒരാള്‍ മരിച്ചതായും ആഭ്യന്തരമന്ത്രാലയം അറിയിച്ചു. ലക്ഷ്മിപുര്‍ ഖേരിയില്‍ പൂര്‍ണമായോ ഭാഗികമായോ 84 കെട്ടിടവും സാമ്പല്‍ മേഖലയില്‍ 31 കെട്ടിടവും തകര്‍ന്നു.

യുപിയിലെ ഗ്രാമങ്ങളില്‍ പലയിടത്തും ശക്തമായ മിന്നലില്‍ തീപിടിത്തം ഉണ്ടായി. യുപി, രാജസ്ഥാന്‍, തെലങ്കാന, ഉത്തരാഖണ്ഡ്, പഞ്ചാബ് എന്നിവിടങ്ങളില്‍ വീശിയപൊടിക്കാറ്റ് 142 പേരുടെ മരണത്തിന് കാരണമായി.