ഇടുക്കി ജില്ലയില്‍ വ്യാപക കെടുതി, വന്‍ കൃഷി നാശം, ഉരുള്‍പൊട്ടലുകള്‍

ഇടുക്കി: ജില്ലയില്‍ ആകെ വ്യാപക നാശമാണുണ്ടായത്. ചപ്പാത്ത് വണ്ടിപ്പെരിയാറ്റില്‍ പെരിയാറിന് കുറുകെയുള്ള ശാന്തിപ്പാലം ഒലിച്ചുപോയി.

വണ്ടന്‍മേട് പഞ്ചായത്തിലെ ശാസ്താ നടയില്‍ രണ്ടിടത്ത് ഉരുള്‍പൊട്ടി 20 ഏക്കറോളം കൃഷിനശിച്ചു.10 ഓളം വീടുകള്‍ തകര്‍ന്നു.

കട്ടപ്പനയാറിന്‍റെ ഉത്ഭവകേന്ദ്രമായ ചെകുത്താന്‍മലയില്‍ നാലിടത്ത് ഉരുള്‍പൊട്ടി. വന്‍തോതില്‍ എലകൃഷി നശിച്ചു. കിഴക്കേ മാട്ടുക്കട്ടയില്‍ 10 ഏക്കറോളം കൃഷി ഒലിച്ചുപോയി.

തേക്കടി-കൊച്ചി സംസ്ഥാന പാതയിലെ നിരപ്പേല്‍ക്കട-കൊച്ചു പാലത്തിന്‍റെ പകുതിയോളം ഒലിച്ചുപോയി. ജില്ലയില്‍ നാല് താലൂക്കുകളിലായി ഇതുവരെ 21 ദുരിതാശ്വാസ ക്യാമ്പുകളാണ് തുറന്നത്. 580 ഓളം ആളുകളെ ഇവിടങ്ങളിലേക്ക് മാറ്റി താമസിപ്പിച്ചിട്ടുണ്ട്.

വിമാന അപകടം

കരിപ്പൂര്‍ വിമാനാപകട സ്ഥലവും കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയും ബഹുമാനപ്പെട്ട ഗവര്‍ണര്‍ക്കും സ്പീക്കര്‍ക്കും സഹമന്ത്രിമാര്‍ക്കും ഒപ്പം സന്ദര്‍ശിച്ചു. അപകടത്തില്‍ മരണപ്പെട്ടവരുടെ കുടുംബത്തിന് പത്തുലക്ഷം രൂപ നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.