സന്ധിവാതത്തിനെതിരെ ജാഗ്രത വേണം

തിരുവനന്തപുരം: സന്ധിവാതത്തിനെതിരെ ജാഗ്രത വേണമെന്നും രോഗം നേരത്തെ കണ്ടെത്തി ചികില്‍സിച്ചില്ലെങ്കില്‍ ഗുരുതര പ്രശ്‌നങ്ങളുണ്ടാക്കുമെന്നും ഈ രംഗത്തെ വിദഗ്ധര്‍. കൃത്യ സമയത്ത് അസുഖം തിരിച്ചറിഞ്ഞില്ലെങ്കില്‍ വിരലുകള്‍ വളയല്‍, കൈകളിലെ പേശികള്‍ക്ക് ബലക്ഷയം, എന്നിവ ഉണ്ടാകാമെന്ന് ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ റുമാറ്റോളജി അന്റ് സയന്‍സ് ഇമ്മ്യൂണോളജിയിലെ ഡോക്ടര്‍ വിഷാദ് വിശ്വനാഥന്‍ ചൂണ്ടിക്കാട്ടി. സന്ധികള്‍ക്കും ചുമലുകള്‍ക്കും ബലക്ഷയം സംഭവിക്കുന്നതോടെ ഭാരമുള്ളവ പൊക്കാന്‍ സാധിക്കാതെ ആകും. രോഗി കിടപ്പിലാകാന്‍ തന്നെ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പ്രതിരോധ സംവിധാനത്തിലുണ്ടാകുന്ന പാകപ്പിഴകള്‍ മൂലം ശരീരത്തിന്റെ പ്രതിരോധ വ്യവസ്ഥ സ്വന്തം സന്ധികളെ തന്നെ ആക്രമിക്കുന്നതാണ് സന്ധിവാതം. വേണ്ടത്ര അവബോധമില്ലാത്തതാണ് ആമവാതം എന്നും അറിയപ്പെടുന്ന റൂമറ്റോയ്ഡ് ആര്‍്രൈതറ്റിസ് വര്‍ദ്ധിക്കാന്‍ കാരണമെന്ന് വിദഗ്ധര്‍ പറയുന്നു. സന്ധികളില്‍ ചെറിയ വേദനയായി തുടങ്ങുന്ന സന്ധിവാതം കൃത്യ സമയത്ത് ചികില്‍സിച്ചില്ലെങ്കില്‍ ശരീരം മുഴുവന്‍ വ്യാപിക്കും. ഒരു പ്രതിരോധ വൈകല്യ രോഗമായിട്ടാണ് സന്ധിവാതത്തെ കണക്കാക്കുന്നത്. വേദനയും അസ്വസ്ഥതയും ആണ് ഇതിന്റെ അനന്തരഫലമെന്ന് മെഡിക്കല്‍ ട്രസ്റ്റ് ഹോസ്പിറ്റല്‍ റൂമാറ്റോളജിസ്റ്റ് ഡോ. ജോര്‍ജ്ജ് കല്ലറക്കല്‍ പറയുന്നു.

രാവിലെ ഉറക്കമെണീക്കുമ്പോള്‍ അര മണിക്കൂര്‍ മുതല്‍ ഒരു മണിക്കൂര്‍ വരെ നീണ്ടു നില്‍ക്കുന്ന സന്ധികളിലെ നീര്‍ക്കെട്ടും വേദനയും ഉണ്ടെങ്കില്‍ ആ വ്യക്തിക്ക് സന്ധിവാതം ആകാനുള്ള സാധ്യതയുണ്ട്. കുറച്ചു കാലം കഴിയുമ്പോഴേക്ക് രോഗം ഗുരുതരമാകാനും ഹൃദയം, വൃക്ക, ശ്വാസകോശം തുടങ്ങിയ ആന്തരാവയവങ്ങളെ ബാധിക്കാനും സാധ്യതയുണ്ട്. സന്ധിവാതം പൂര്‍ണ്ണായി ചികില്‍സിച്ച് ഭേദമാക്കാനാകില്ലെങ്കിലും പ്രമേഹം, പോലുള്ള അസുഖങ്ങള്‍ക്ക് ചെയ്യുന്നത് പോലെ നിയന്ത്രിച്ച് നിര്‍ത്താം. വേദന സംഹാരികളെ പൂര്‍ണമായും ആശ്രയിക്കരുതെന്ന് വിദഗ്ധര്‍ പറയുന്നു.

തുടക്കത്തില്‍ തന്നെ കണ്ടുപിടിച്ച് നിയന്ത്രിക്കുന്നതാണ് സന്ധിവാതം ചെറുക്കാനുള്ള പ്രധാന മാര്‍ഗം. സ്ത്രീകളിലാണ് ഈ രോഗം കൂടുതലും കണ്ടുവരുന്നത്. കുടുംബത്തില്‍ മറ്റാര്‍ക്കെങ്കിലും സന്ധി വാതം ഉണ്ടായിരിക്കുക, തണുപ്പുള്ള കാലാവസ്ഥ, ഈര്‍പ്പം, മാംസ ഭക്ഷണം, കൊഴുപ്പു നിറഞ്ഞ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ എന്നിവ രോഗ കാരണമാകാം. പൂര്‍ണമായി ഭേദമാക്കാനാകില്ലെങ്കിലും മരുന്നുകള്‍ ഉപയോഗിച്ച് സന്ധികളിലെ നീര്‍ക്കെട്ട്, വേദന എന്നിവ നിയന്ത്രിക്കാം. ഒക്യുപേഷണല്‍, ഫിസിക്കല്‍ തെറാപ്പിയും ഗുണം ചെയ്യുമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടി.