ഫുവൈരത് ബീച്ചില്‍ 70 മണല്‍ക്കൂടുകളുണ്ടാക്കി ഹോക്‌സിബില്‍ കടലാമകള്‍

ദോഹ: ഖത്തറിലെ ഫുവൈരിത് ബീച്ചില്‍ ഹോക്‌സിബില്‍ കടലാമകള്‍ 70 മണല്‍ക്കൂടുകള്‍ ഉണ്ടാക്കി. അതിവേഗം വംശനാശം സംഭവിക്കുന്ന ജീവികളാണ് ഹോക്‌സ്ബിലുകള്‍. ഇവയുടെ സുരക്ഷിത പ്രജനനത്തിന് 2003ല്‍ ഖത്തര്‍ പ്രത്യേക പദ്ധതി ആവിഷ്‌കരിച്ചു. ഫുവൈരിത്തില്‍ ഇതാദ്യമായാണ് കടലാമകള്‍ ഇത്രയധികം കൂടുണ്ടാക്കുന്നതെന്നാണ് നഗരസഭ പരിസ്ഥിതി മന്ത്രാലയത്തിലെ പ്രകൃതി, വന്യജീവി സംരക്ഷണ വിഭാഗം പറഞ്ഞത്.

2010ല്‍ ആണ് ഏറ്റവുമധികം കൂടുകള്‍ കണ്ടെത്തിയത്. അന്ന് 55 കൂടുകളാണ് കണ്ടെത്തിയത്. സെപ്റ്റംബര്‍ മുതല്‍ ഫെബ്രുവരി വരെയാണ് കടലാമകള്‍ ഇണചേരുന്നത്. മുട്ടയിടാറാകുമ്പോള്‍ പെണ്ണാമ രാത്രി കടലോരത്തെ മണലിലേയ്ക്ക് കയറിവരും. രണ്ടുമാസം കൊണ്ടാണ് മുട്ടവിരിയുക. കഴിഞ്ഞ സീസണില്‍ 3,000 ല്‍ ഏറെ മുട്ടകളാണ് വിരിഞ്ഞത്.

കഴിഞ്ഞതവണ തീരത്ത് 52 സ്ഥലങ്ങളിലാണ് ഇവ മണല്‍ക്കൂടൊരുക്കിയത്. ജൂലൈ പകുതിയോടെ 80% മുട്ടകളും വിരിഞ്ഞു കുഞ്ഞുങ്ങള്‍ കടലിലേക്കുപോയിരുന്നു. അതിനാല്‍ ഓഗസ്റ്റ് മുതലാണ് ഫുവൈരിത് ബീച്ചിലേക്ക് സന്ദര്‍ശകരെ അനുവദിച്ചത്. ഹോക്‌സ്ബിലുകളുടെ സംരക്ഷണം സംബന്ധിച്ച് ഖത്തര്‍ സര്‍വകലാശാല പരിസ്ഥിതി കേന്ദ്രം നഗരസഭാ മന്ത്രാലയത്തിന്റെയും ഖത്തര്‍ പെട്രോളിയത്തിന്റെയും സഹായത്തോടെ എല്ലാ വര്‍ഷവും ഇവിടെ ഗവേഷണം നടത്തുന്നുണ്ട്.