മിന്നല്‍ ഹര്‍ത്താല്‍: ഡീന്‍ കുര്യാക്കോസിനെതിരെ 193 കേസുകള്‍

കൊച്ചി: കാസര്‍കോട് പെരിയയില്‍ രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് മിന്നല്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ച യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസിനെതിരെ 193 കേസുകള്‍ രജിസ്റ്റര്‍ ചെയ്തെന്ന് സര്‍ക്കാര്‍. കൃപേഷിനെയും ശരത് ലാലിനെയും കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ച് ഫേസ്ബുക്കിലൂടെയാണ് ഡീന്‍ സംസ്ഥാന വ്യാപകമായ ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്.

ഹര്‍ത്താല്‍ ദിനത്തില്‍ പലയിടങ്ങളിലും ആക്രമണങ്ങളുണ്ടായതിനേത്തുടര്‍ന്ന് ഡീന് കുര്യാക്കോസില്‍ നിന്നും നഷ്ടം ഈടാക്കണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചിരുന്നു. ഹര്‍ത്താലിലെ എല്ലാ കേസുകളിലും ഡീന്‍ കൂര്യാക്കോസിനെ പ്രതിയാക്കണമെന്നും യൂത്ത് കോണ്‍ഗ്രസ് നടത്തിയ ഹര്‍ത്താലില്‍ സംസ്ഥാനത്തുണ്ടായ മുഴുവന്‍ നഷ്ടങ്ങള്‍ക്കും തുല്യമായ തുക യൂത്ത് കോണ്‍ഗ്രസ് ഡീന്‍ കുര്യാക്കോസില്‍ നിന്നും ഈടാക്കണമെന്നുമായിരുന്നു ഹൈക്കോടതി നിര്‍ദ്ദേശിച്ചത്. ഹര്‍ത്താല്‍ ആഹ്വാനം കണക്കിലെടുത്ത് പ്രേരണക്കുറ്റം ചുമത്തി ഡീന്‍ കുര്യാക്കോസിനേയും യുഡിഎഫ് കാസര്‍കോട് ഭാരവാഹികളേയും പ്രതികളാക്കി കേസെടുക്കാനും നിര്‍ദ്ദേശമുണ്ടായി.

ശബരിമല വിഷയത്തില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്ത 11 നേതാക്കള്‍ക്കെതിരെയും കേസ് രജിസ്റ്റര്‍ ചെയ്യാനുള്ള നടപടികള്‍ നടത്തിവരികയാണെന്നും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.

സംസ്ഥാനത്ത് അടിക്കടിയുണ്ടാകുന്ന ഹര്‍ത്താലുകള്‍ ജനജീവിതത്തെ ബാധിച്ചപ്പോള്‍ ഹര്‍ത്താല്‍ പ്രഖ്യാപിക്കുന്നതിന് ഹൈക്കോടതി മാനദണ്ഡങ്ങള്‍ നിശ്ചയിച്ചിരുന്നു. ഏഴ് ദിവസം മുമ്പ് നോട്ടീസ് നല്‍കണമെന്നതായിരുന്നു പ്രധാന നിര്‍ദേശം. കാസര്‍കോട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതോടെ അര്‍ധരാത്രിയിലാണ് ഡീന്‍ കുര്യാക്കോസ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്.

യൂത്ത് കോണ്‍ഗ്രസ് ഹര്‍ത്താലിലെ നാശനഷ്ടങ്ങള്‍ സംബന്ധിച്ച് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ കെഎസ്ആര്‍ടിസിക്ക് മാത്രം 1.35 ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി പറഞ്ഞിരുന്നു.