സർക്കാരിനു തിരിച്ചടി; ഹാരിസണ്‍ കേസില്‍ അപ്പീൽ സുപ്രീംകോടതി തള്ളി

ഡല്‍ഹി: ഹാരിസണ്‍ കേസില്‍ സംസ്ഥാന സര്‍ക്കാരിന് വീണ്ടും തിരിച്ചടി. സ്പെഷല്‍ ഓഫിസറുടെ ഉത്തരവ് റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ സർക്കാർ നൽകിയ അപ്പീൽ സുപ്രീംകോടതി തള്ളി. 38,000 ഏക്കര്‍ ഭൂമി ഏറ്റെടുക്കുന്നത് തടഞ്ഞ ഹൈക്കോടതി വിധിക്കെതിരെയാണ് ഹര്‍ജി സമര്‍പ്പിച്ചത്.

വിവിധ പ്ലാന്റേഷനുകളുകളുടെ കൈവശമുണ്ടായിരുന്ന ഭൂമി ഏറ്റെടുക്കുന്നതിനായി സ്‌പെഷ്യല്‍ ഓഫീസര്‍ എടുത്ത നടപടികള്‍ ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഇതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കിയിരുന്നു. ഈ അപ്പീലാണ് സുപ്രീംകോടതി ഇപ്പോള്‍ തള്ളിയത്.

കേരള ഭൂ സംരക്ഷണ നിയമപ്രകാരം സ്‌പെഷ്യല്‍ ഓഫീസര്‍ക്ക് കോടതിയുടെ അധികാരങ്ങള്‍ ഉണ്ടെന്നും തര്‍ക്കഭൂമിയുടെ ഉടമസ്ഥാവകാശം നിര്‍ണയിക്കാന്‍ സ്‌പെഷ്യല്‍ ഓഫീസര്‍ക്ക് അധികാരമുണ്ടെന്നുമായിരുന്നു സര്‍ക്കാരിന്റെ വാദം. ഈ വാദങ്ങളെല്ലാം ഹൈക്കോടതി തള്ളിക്കളഞ്ഞിരുന്നു. സര്‍ക്കാര്‍ പറയുന്ന അധികാരങ്ങള്‍ സ്‌പെഷ്യല്‍ ഓഫീസര്‍ക്ക് ഇല്ലെന്നും അതിന് സിവില്‍ കോടതിക്ക് മാത്രമാണ് അധികാരമെന്നും ഹൈക്കോടതി പറഞ്ഞിരുന്നു. തുടര്‍ന്ന് ഭൂമി ഏറ്റെടുത്ത നടപടി കോടതി റദ്ദാക്കുകയും ചെയ്തിരുന്നു.

ഹൈക്കോടതിയുടെ തീരുമാനം അംഗീകരിക്കുകയാണ് സുപ്രീംകോടതി ചെയ്തിരിക്കുന്നത്. ജസ്റ്റിസ് റോഹിങ്ടണ്‍ നരിമാന്‍ അധ്യക്ഷനായ ബെഞ്ചിന്റേതാണ് വിധി. ഉടമസ്ഥാവകാശം നിശ്ചയിക്കാന്‍ സ്പെഷല്‍ ഓഫിസര്‍ക്ക് അധികാരം ഇല്ലെന്നു സുപ്രീംകോടതി വ്യക്തമാക്കിയ സാഹചര്യത്തിൽ സർക്കാരിനു വഴികളടയുകയാണ്. ഭൂസംരക്ഷണ നിയമപ്രകാരം ഹാരിസൺ എസ്റ്റേറ്റുകൾ ഏറ്റെടുക്കാൻ തടസ്സമുണ്ട്. രേഖകൾ ഉണ്ടെന്നു കമ്പനി വാദിക്കുന്ന സാഹചര്യത്തിൽ സിവിൽ കോടതിയിൽ അതിനെതിരായ തെളിവുകൾ നിരത്തി കേസ് വിജയിച്ചാലും അപ്പീലുകളിൽ കുരുങ്ങി നടപടികൾ നീളും. കയ്യേറ്റം തടയൽ നിയമം വന്നാൽ അതുപയോഗിച്ചു പ്രത്യേക കോടതി വഴി ഏറ്റെടുക്കൽ വേഗത്തിലാക്കാനാകുമെന്നാണു ഇനി സർക്കാരിന്റെ പ്രതീക്ഷ.