ഹരിയാണയില്‍ മനോഹര്‍ ലാല്‍ ഖട്ടര്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

രാഷ്ട്രീയ പ്രതിസന്ധികള്‍ക്കൊടുവില്‍ ഹരിയാണയില്‍ ഇന്ന് ബിജെപി-ജെജെപി സഖ്യസര്‍ക്കാര്‍ അധികാരത്തില്‍ ഏറും. ഇത് രണ്ടാം തവണയാണ് മനോഹര്‍ ലാല്‍ ഖട്ടര്‍ മുഖ്യമന്ത്രിയായി അധികാരമേല്‍ക്കുന്നത്. ജെജെപി നേതാവ് ദുഷ്യന്ത ചൗട്ടാല ഉപമുഖ്യമന്ത്രിയാകും. രാജ്ഭവനില്‍ ഞായറാഴ്ച ഉച്ചയ്ക്ക് 2.15 നാണ് സത്യപ്രതിജ്ഞ. പ്രമുഖ ബിജെപി നേതാക്കള്‍ ചടങ്ങില്‍ പങ്കെടുക്കും.

സര്‍ക്കാര്‍ രൂപവത്കരണത്തിനായി ഗവര്‍ണര്‍ സത്യദേവ് നാരായണ ആര്യ ശനിയാഴ്ച ഖട്ടറെ ക്ഷണിച്ചിരുന്നു. 53 വര്‍ഷത്തിനിടെ ഇതാദ്യമായാണ് സംസ്ഥാനത്ത് ഒരു കോണ്‍ഗ്രസ് ഇതര മുഖ്യമന്ത്രിക്ക് ഭരണത്തുടര്‍ച്ച ലഭിക്കുന്നത്. നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് തനിച്ച് കേവലഭൂരിപക്ഷം ലഭിച്ചിരുന്നില്ല.

ഇതേത്തുടര്‍ന്ന് ജെ.ജെ.പിയുടെ പിന്തുണയോടെയാണ് ഖട്ടര്‍ സര്‍ക്കാര്‍ രൂപവത്കരിക്കുന്നത്. കേവലഭൂരിപക്ഷത്തിന് 46 സീറ്റുകളാണ് വേണ്ടത്. ബിജെപിക്ക് 41 സീറ്റുകളും കോണ്‍ഗ്രസിന് 30 സീറ്റുകളുമാണ് ലഭിച്ചത്. 11 സീറ്റുകളായിരുന്നു ജെജെപി നേടിയത്. ഉപമുഖ്യമന്ത്രിപദമടക്കം മൂന്ന് മന്ത്രി സ്ഥാനങ്ങള്‍ ജെജെപിക്ക് ബിജെപി വാഗ്ദാനം ചെയ്തിട്ടുണ്ട്. സര്‍ക്കാരിനെ പിന്തുണയ്ക്കുന്ന സ്വതന്ത്രര്‍ക്കും മന്ത്രിസ്ഥാനം ലഭിച്ചേക്കുമെന്നാണ് വിവരം.