റാഫേല്‍ കരാറിലെ അഴിമതി; എച്ച്.എ.എല്ലിനെ സര്‍ക്കാരിന് പോലും വേണ്ടേ? ‘മെയ്ക്ക് ഇന്‍ ഇന്ത്യ’യും തട്ടിപ്പോ

ബാംഗ്ലൂര്‍: അനില്‍ അംബാനിയുടെ റിലയന്‍സ് ഡിഫന്‍സ് ഇന്‍ഡസ്ട്രീസിനെ ഇടപാടില്‍ പങ്കാളിയായി നിശ്ചയിച്ചത് ഇന്ത്യയാണെന്നും ദസോള്‍ട്ട് കമ്പനിക്ക് പങ്കില്ലെന്നും വെളിപ്പെടുത്തി മുന്‍ ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സ്വേ ഒലോംഗ് രംഗത്തെത്തിയിരുന്നു. റാഫേല്‍ കരാറില്‍ സ്വകാര്യ കമ്പനിയ്ക്ക് പങ്കാളിത്തം നല്‍കിയതില്‍ ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്‌സ് ലിമിറ്റഡിലെ ഉദ്യോഗസ്ഥരാണ് ഏറ്റവും നിരാശയില്‍.

ഇന്ത്യന്‍ വ്യോമസേനയ്ക്കായി റാഫേല്‍ വിമാനങ്ങള്‍ നിര്‍മ്മിക്കാനുള്ള അവസരം സര്‍ക്കാര്‍ എച്ച്.എ.എല്ലിന് നല്‍കിയില്ല. പരിമിധികള്‍ക്കുള്ളില്‍ നിന്നും വിമാനങ്ങള്‍ നിര്‍മ്മിക്കാന്‍ നമുക്ക് കഴിയുമായിരുന്നു. ഇത് എച്ച്.എ.എല്ലിന് കഴിവ് പ്രകടിപ്പിക്കാനും സ്വയം വളരാനുമുള്ള അവസരമായിരുന്നു. എന്നാല്‍ സര്‍ക്കാരിന് അത് ചെയ്യാന്‍ തോന്നിയില്ല- എച്ച്.എ.എല്‍ പ്രതിനിധി ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞത് ഇങ്ങനെയാണ്.

എച്ച്.എ.എല്ലിലെ സീനിയര്‍ എഞ്ചി നീയറുടെ അഭിപ്രായവും മറിച്ചല്ല. വ്യോമസേനയ്ക്കായി ഇതിനുമുന്‍പും എച്ച്.എ.എല്‍ വിമാനങ്ങള്‍ നിര്‍മ്മിച്ചിട്ടുണ്ട്. റാഫേല്‍ കരാറില്‍ പങ്കാളിയാക്കിയിരുന്നെങ്കില്‍ കരാര്‍ തുകയുടെ 30% വരുന്ന 60,000 കോടി രൂപ എച്ച്.എ.എല്ലിനെ വികസിപ്പിക്കുന്നതിന് ഉപയോഗിക്കാമായിരുന്നു.

‘മെയ്ക്ക് ഇന്‍ ഇന്ത്യ’യും ഒരു തട്ടിപ്പാണെന്ന്് തോന്നുന്നത് ഇതുപോലെയുള്ള സംഭവങ്ങള്‍ കൊണ്ടാണ്. സര്‍ക്കാരിന്റെ കീഴിലുള്ള കമ്പനികള്‍ക്ക് അവസരം നല്‍കാതെ സ്വകാര്യ കമ്പനികള്‍ക്കാണ് ഇവിടെ പ്രാധാന്യം. എച്ച്.എ.എല്ലിന് വര്‍ഷങ്ങളുടെ പ്രവര്‍ത്തി പരിചയമുണ്ട്. ഇതില്ലാത്ത ഒരു കമ്പനിയ്ക്കാണ് സര്‍ക്കാര്‍ ഉത്തരവാദിത്വം നല്‍കിയിരിക്കുന്നത്. എച്ച്.എ.എല്ലിനെപ്പോലെയുള്ള ഇന്ത്യന്‍ കമ്പനികള്‍ എങ്ങനെയാണ് വളരുക? ഇന്ത്യന്‍ സര്‍ക്കാര്‍ പോലും വളരാനോ കഴിവ് പ്രകടിപ്പിക്കാനോ ഒരു അവസരം നല്‍കാതെയിരുന്നാല്‍…എച്ച്.എ.എല്‍ ജീവനക്കാര്‍ ചോദിക്കുകയാണ്.