മുംബൈ് ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരൻ ഹാഫീസ് സെയ്ദ് അറസ്റ്റിൽ

പഞ്ചാബ്: മുംബൈ് ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരനും ഭീകര സംഘടനയായ ജമാഅത്ത് ഉദ് ദവ തലവനുമായ ഹാഫീസ് സെയ്ദ് അറസ്റ്റിൽ. പാക്- പഞ്ചാബ് പ്രവിശ്യയിൽ നിന്നാണ് ഇയ്യാളെ അറസ്റ്റ് ചെയ്തത്. അറസ്റ്റിനു ശേഷം സയീദിനെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.

അമേരിക്കയുമായി നല്ല ബന്ധം സ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെ പാക് പ്രസിഡന്റ് ഇമ്രാൻ ഖാൻ വൈറ്റ് ഹൗസ് സന്ദർശിക്കുന്നതിന്റെ തൊട്ടുമുമ്പാണ് അറസ്റ്റ്. ലഷ്കര്‍- ഇ- തായിബ സഹസ്ഥാപകനുമാണ് ഹാഫീസ് സെയ്ദ്.

ഭീകരതയ്ക്കുള്ള ഫണ്ടിങ് നിരീക്ഷിക്കുന്ന ആഗോള സംഘടനയായ ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്സിന്റെ അന്ത്യശാസനത്തിന് പിന്നാലെയാണ് പാക് ഭരണകൂടം ഹാഫിസ് സയ്യിദിന്റെ അറസ്റ്റിന് ഒരുങ്ങിയതെന്നാണ് റിപ്പോര്‍ട്ട്.

ഹാഫിസ് സയ്യിദിനേയും അദ്ദേഹത്തിന്റെ അടുത്ത 12 അനുയായികളേയും ഉടന്‍ അറസ്റ്റു ചെയ്യുമെന്ന് പാക്കിസ്ഥാന്‍ പൊലീസ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ധനസഹായം നല്‍കുന്നു, പണം തട്ടുന്നു എന്നിങ്ങനെയുള്ള കുറ്റങ്ങള്‍ ഇവര്‍ക്കെതിരെ ചുമത്തിയതിനു പിന്നാലെയായിരുന്നു പൊലീസ് അറസ്റ്റിനൊരുങ്ങിയത്.

ഹാഫിസ് സയ്യിദ് ഉള്‍പ്പെടെയുള്ള 13 നേതാക്കള്‍ക്കെതിരെ 23 എഫ്.ഐ.ആറുകളാണ് പാക്കിസ്ഥാനിലെ പഞ്ചാബ് പൊലീസിന്റെ തീവ്രവാദ വിരുദ്ധ ഡിപ്പാര്‍ട്ട്മെന്റ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

ലാഹോറിലെ ജൗഹാര്‍ നഗരത്തിലെ വസതിയിലാണ് സയ്യിദ് ഉള്ളതെന്ന് ഇമ്രാന്‍ ഖാന്റെ ഓഫീസിലുള്ള വൃത്തങ്ങളെ ഉദ്ധരിച്ച് പി.ടി.ഐ റിപ്പോര്‍ട്ടു ചെയ്തിരുന്നു. വീട് റെയ്ഡ് ചെയ്ത് അദ്ദേഹത്തെ അറസ്റ്റു ചെയ്യാന്‍ സര്‍ക്കാര്‍ അനുമതി ലഭിക്കാന്‍ കാത്തിരിക്കുകയാണെന്നായിരുന്നു കഴിഞ്ഞയാഴ്ച പൊലീസ് പ്രതികരിച്ചത്.

166 പേര്‍ കൊല്ലപ്പെട്ട മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരന്‍ ഹാഫീസ് സെയ്ദായിരുന്നു. അന്വേഷണ ഏജന്‍സികള്‍ 10 മില്യണ്‍ അമേരിക്കന്‍ ഡോളര്‍ (ഏകദേശം 66 കോടിരൂപ) തലയ്ക്ക് വിലിയിട്ടിട്ടുള്ള ഭീകരനാണ് ഹാഫിസ് സയീദ്.