യു.എസിൽ വീണ്ടും വെടിവെപ്പ്; അഞ്ച് പേർ കൊല്ലപ്പെട്ടു

ഹൂസ്റ്റണ്‍: യു.എസിലെ ടെക്‌സാസില്‍ വെടിവെപ്പില്‍ അഞ്ച് മരണം. അക്രമി നടത്തിയ വെടിവെയ്പില്‍ 5 പേര്‍ കൊല്ലപ്പെടുകയും 21 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. മോഷ്ടിച്ച പോസ്റ്റൽ വാഹനം ഓടിച്ചു കൊണ്ട് റോഡില്‍ കാണുന്നവരെയെല്ലാം ഇയാള്‍ വെടിവെക്കുകയായിരുന്നു. ഇയാളെ വധിച്ചതായി പൊലീസ് പറഞ്ഞു.

ടെക്‌സാസിലെ പടിഞ്ഞാറന്‍ നഗരങ്ങളായ ഒഡേസ, മിഡ്‌ലാന്‍ഡ് എന്നിവിടങ്ങളിലാണ് അക്രമി വെടിവെയ്പ് നടത്തിയത്. വെടിവെപ്പിന്റെ ഉദ്ദേശ്യമെന്തായിരുന്നുവെന്ന് വ്യക്തമല്ല. കൊല്ലപ്പെട്ടവരില്‍ ഒരു പോലീസ് ഉദ്യോഗസ്ഥനും ഉള്‍പ്പെട്ടിട്ടുണ്ട്.

ചികിത്സ തേടിയവരില്‍ രണ്ട് വയസ്സിന് താഴെ പ്രായമുള്ള ഒരു കുട്ടിയുമുണ്ടെന്ന് ഒഡെസ മെഡിക്കല്‍ സെന്റര്‍ ആശുപത്രി അറിയിച്ചു. ഏഴ് പേരുടെ നില ഗുരുതരമാണ്.

ടെക്‌സാസ് നഗരമായ എല്‍ പാസോയില്‍ വെടിവെപ്പില്‍ 22 പേര്‍ കൊല്ലപ്പെടുകയും 24 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത സംഭവത്തിന് ആഴ്ചകള്‍മാത്രം പിന്നിടുമ്പോഴാണ് പുതിയ അക്രമം അരങ്ങേറിയത്.