മോദിയുടെ ഗുജറാത്ത് കണ്ടുപഠിക്കണം കേരളത്തെ; ഇതരസംസ്ഥാനക്കാര്‍ക്ക് കേരളം സ്വര്‍ഗതുല്യം

ഇതര സംസ്ഥാനതൊഴിലാളികള്‍ക്ക് നേരെ ഗുജറാത്തില്‍ അക്രമവും അവഗണനയും തുടരുകയാണ്. കടുത്ത പീഡനം ഏറ്റുവാങ്ങി കൂട്ടപ്പലായനം ചെയ്യുകയാണ് അവിടെനിന്ന് ഇതര സംസ്ഥാന തൊഴിലാളികള്‍.പ്രധാനമന്ത്രിയുടെ സ്വന്തം സംസ്ഥാനത്ത് തന്നെ ഇവര്‍ക്ക് സുരക്ഷയില്ലെങ്കിലും കേരളം ഇക്കാര്യത്തില്‍ മാതൃക കാട്ടുകയാണ്.

കഴിഞ്ഞ മാസം 28ന് ഗുജറാത്തിലെ സബര്‍കാന്ത ജില്ലയില്‍ പിഞ്ചുകുഞ്ഞിനെ ബിഹാര്‍ തൊഴിലാളി പീഡിപ്പിച്ചതിനെ തുടര്‍ന്നാണ് ഇതര സംസ്ഥാന സക്കാര്‍ക്കെതിരെ അക്രമം തുടങ്ങിയത്.വന്‍തോതില്‍ വിദ്വേഷ വീഡിയോകള്‍ പ്രചരിപ്പിച്ചതും അക്രമം വ്യാപിക്കാന്‍ ഇടയാക്കി. ബിജെപി നേതൃത്വത്തിലുള്ള സംസ്ഥാന സര്‍ക്കാര്‍ പ്രസ്താവനകള്‍ ഇറക്കുന്നതല്ലാതെ അക്രമം തടയാന്‍ നടപടിയൊന്നും സ്വീകരിക്കുന്നില്ല.

രണ്ടുവര്‍ഷം മുമ്പ് സമാനമായ അവസ്ഥയെ കേരളം നേരിട്ടത് രാജ്യവ്യാപകമായി വലിയ പ്രശംസ നേടിയിരുന്നു. കേരളത്തിലെ കുട്ടികളെ ഉത്തരേന്ത്യക്കാര്‍ തട്ടിക്കൊണ്ടുപോകുന്നു എന്ന തരത്തില്‍ സോഷ്യല്‍മീഡിയയില്‍ വന്ന പ്രചാരണമാണ് തുടക്കം. ഇതോടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ‘അന്യസംസ്ഥാന തൊഴിലാളികളെ കേരളത്തില്‍ പീഡിപ്പിക്കുന്നു’വെന്ന് പ്രചാരണമുണ്ടായി. ഇതര സംസ്ഥാന തൊഴിലാളികള്‍ കേരളത്തില്‍നിന്ന് പലായനം ചെയ്തു.

അന്ന് കേരള സര്‍ക്കാരിന്റെ ഇടപെടല്‍ അതിവേഗത്തിലായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശപ്രകാരം വിദ്വേഷപ്രചാരകര്‍ക്കെതിരെ ശക്തമായ നടപടി എടുത്തു. അസംകാരനായ സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ അസമീസ് ഭാഷയില്‍ അവിടത്തെ ചാനലുകളില്‍ സത്യസ്ഥിതി വെളിപ്പെടുത്തി പ്രസ്താവന നടത്തി. തൊഴില്‍വകുപ്പിന്റെ നേതൃത്വത്തില്‍ ഇതരസംസ്ഥാന തൊഴിലാളികളുടെ താമസസ്ഥത്തെത്തി കാര്യങ്ങള്‍ ബോധ്യപ്പെടുത്തി. കൂട്ടായ ഈ പ്രവര്‍ത്തനം എളുപ്പത്തില്‍ ഫലം കണ്ടു. നാട്ടിലേക്കുമടങ്ങിയവര്‍ പെട്ടെന്ന് തിരിച്ചെത്തി.ഇത്തരമൊരു ഇടപെടല്‍ ഗുജറാത്ത് സര്‍ക്കാരില്‍ നിന്ന് ഉണ്ടാകാത്തതിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.

ഇന്ത്യയില്‍ ആദ്യമായി ഇതരസംസ്ഥാന തൊഴിലാളികള്‍ക്ക് എല്ലാ സൗകര്യങ്ങളോടും കൂടിയ പാര്‍പ്പിടസമുച്ചയം സര്‍ക്കാര്‍ ഉടമസ്ഥതയില്‍ നിര്‍മിച്ചത് കേരളമാണ്. പാലക്കാട് കഞ്ചിക്കോട്ട് പത്തു കോടി ചെലവിലാണ് അപ്‌നാഘര്‍ എന്ന പേരില്‍ സര്‍ക്കാര്‍ ഹോസ്റ്റല്‍ നിര്‍മിച്ചത്. സാക്ഷരതാ മിഷന്റെ നേതൃത്വത്തില്‍ ‘ചങ്ങാതി’ എന്ന പേരില്‍ ഇതര സംസ്ഥാന തൊഴിലാളികളെ മലയാളം പഠിപ്പിക്കുന്ന പദ്ധതിയും വിജയകരമായി മുന്നേറുന്നത് രാജ്യത്തിനു തന്നെ മാതൃകയായാണ്.