ഇന്ത്യയുടെ ഭാരം കൂടിയ ഉപഗ്രഹ വിക്ഷേപണം വിജയം; അതിവേഗ ഇന്റര്‍നെറ്റിനായി ജിസാറ്റ്-11

ബംഗളൂരു: ഇന്ത്യയുടെ ഭാരം കൂടിയ ഉപഗ്രഹം ജിസാറ്റ് -11 വിക്ഷേപണം വിജയം. ഇന്ന് ഫ്രഞ്ച് ഗയാന സ്പേസ് സെന്ററില്‍നിന്ന് വിജയകരമായി വിക്ഷേപിച്ചു. വലിയ പക്ഷി എന്ന ഓമനപ്പേരുള്ള ഉപഗ്രഹത്തിന്റെ ഭാരം 5,845 കിലോഗ്രാമാണ്. ഇന്ത്യ വിക്ഷേപിച്ചതില്‍ വച്ച് ഏറ്റവും ഭാരം കൂടിയ ഉപഗ്രഹമാണിത്.

‘എരിയന്‍ 5’ റോക്കറ്റാണ് ജി സാറ്റുമായി ബഹിരാകാശത്തേക്ക് കുതിച്ചത്. രാജ്യത്ത് 16 ജി.ബി.പി.എസ്. വേഗത്തിലുള്ള ഇന്റര്‍നെറ്റ് ലഭ്യമാക്കാനുതകുമെന്നതാണ് ഈ വാര്‍ത്താവിനിമയ ഉപഗ്രഹത്തിന്റെ പ്രത്യേകത. ബ്രോഡ്ബാന്‍ഡ് സേവനങ്ങള്‍ കാര്യക്ഷമമാക്കുന്നതില്‍ നിര്‍ണായകപങ്കുവഹിക്കുന്ന ഉപഗ്രഹശ്രേണിയിലെ മുന്‍ഗാമിയായിട്ടാണ് ജിസാറ്റ് -11 വിലയിരുത്തപ്പെടുന്നത്.

ബ്രോഡ് ബാന്‍ഡ് സേവനങ്ങളെ ശക്തിപ്പെടുത്തി ഇന്ത്യയിലെ വിവിധ മേഖലകളിലെ വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ക്ക് വേഗം കൂട്ടുക എന്ന ലക്ഷ്യത്തോടെ വിക്ഷേപിച്ച ജിസാറ്റ്-11ന് 15 വര്‍ഷമാണ് പ്രതീക്ഷിത ആയുസ്. സിഗ്‌നലുകളുടെ വിനിമയത്തിന് ഉതകുന്ന 40 ട്രാന്‍സ്‌പോണ്‍ഡറുകളാണ് ഉപഗ്രഹത്തിലുള്ളത്. ഈ ഗണത്തില്‍പ്പെട്ട ജിസാറ്റ്-19, ജിസാറ്റ്-29 എന്നിവ നേരത്തേ വിക്ഷേപിച്ചിരുന്നു. മേയ് 26 ന് തീരുമാനിച്ചിരുന്ന ജിസാറ്റ്-11ന്റെ വിക്ഷേപണം ചില സാങ്കേതിക പ്രശ്‌നങ്ങളെ തുടര്‍ന്ന് മറ്റിവയ്ക്കുകയായിരുന്നു.