കഞ്ചാവിന് വേണ്ടിയുള്ള കൂട്ടായ്മകള്‍ സജീവം; പോലീസ് നിഷ്‌ക്രിയം

തിരുവനന്തപുരം: കഞ്ചാവ് നിയമവിധേയമാക്കണമെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരം മാനവീയം വീഥിയില്‍ ഇന്നലെ നടന്ന കൂട്ടായ്മയ്ക്ക് പിന്നില്‍ ദേശീയതലത്തിലുള്ള സംഘം. രാജ്യത്തിന്റെ വിവിധ നഗരങ്ങളില്‍ നടത്തിയ കൂട്ടായ്മയുടെ ഭാഗമായാണ് ഇന്നലെ വൈകിട്ട് തിരുവനന്തപുരത്തും കൊച്ചിയിലും കൂട്ടായ്മ സംഘടിപ്പിച്ചത്. ‘മാനവീയം വീഥിയില്‍’ ‘Legalize Gaanja&Hemp’ എന്ന കാപെയ്നുമായാണ് ഒരു സംഘം സംഘടിച്ചത്. പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തി പ്രകടനമടക്കം ആസൂത്രണം ചെയ്താണ് ഇവര്‍ സമരം നടത്തിയത്. കൂട്ടായ്മയോട് പ്രതിഷേധിച്ചവരോട് അനുകൂലിച്ചവര്‍ കഞ്ചാവിന്റെ ഗുണങ്ങള്‍ പറയുകയാണുണ്ടായത്. സമൂഹ മാധ്യമങ്ങളിലൂടെ വ്യാപക പ്രചാരണം നടത്തി ഇത്തരം കൂട്ടായ്മകള്‍ സംഘടിപ്പിച്ചിട്ടും പോലീസ് കണ്ണടയ്ക്കുകയാണ്. ഇത്തരം പ്രചാരണങ്ങള്‍ യുവ തലമുറയില്‍ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്ന് ഉറപ്പാണ്. വാര്‍ത്ത പുറത്തു വന്നതോട് കൂടി അങ്കലാപ്പിലായിരിക്കുന്നത് മാതാപിതാക്കളും അധ്യാപകരുമാണ്.

The Great Legalisation Movement – India എന്ന സംഘടനയാണ് രാജ്യവ്യാപകമായി കഞ്ചാവ് നിയമവിധേയമാക്കണമെന്ന് ആവശ്യപ്പെട്ട് കൂട്ടായ്മ സംഘടിപ്പിച്ചത്. പെണ്‍കുട്ടികളുള്‍പ്പടെ ഇരുപത്തിയഞ്ചോളം വരുന്നവരാണ് തിരുവനന്തപുരത്ത് കൂട്ടായ്മയില്‍ പങ്കെടുത്തത്. കഞ്ചാവിന്റെ ഗുണങ്ങളെന്തെന്ന് എല്ലാവരിലേക്കും എത്തിക്കുകയെന്ന ലക്ഷ്യവുമായി ന്യൂഡല്‍ഹി, ബെംഗളുരു, ചെന്നൈ, ഹൈദരാബാദ് തുടങ്ങി പതിനാറോളം നഗരങ്ങളില്‍ സംഘടന കൂട്ടായ്മ നടത്തി. മീറ്റ്#2 എന്ന പേരിലാണ് രാജ്യവ്യാപകമായി കൂട്ടായ്മ നടന്നത്. സോഷ്യല്‍ മീഡിയ വഴിയാണ് കൂട്ടായ്മയ്ക്ക് തുടക്കമായത്.


The Great Legalisation Movement – India എന്ന പേരിലുള്ള ഫെയ്‌സ്ബുക്ക് പേജില്‍ ജനുവരി 3ന് ഇന്നലെ നടന്ന കൂട്ടായ്മയുടെ സ്ഥല-സമയ വിവരങ്ങള്‍ പുറത്തുവിട്ടിരുന്നു. കൂട്ടായ്മയ്ക്ക് മുമ്പായി 20ന് കൂട്ടായ്മ നടത്താനുദ്ദേശിക്കുന്ന സ്ഥങ്ങളുടെ ഗൂഗിള്‍ മാപ്പ് വിവരങ്ങളും ഇതേ പേജ് പങ്ക് വെച്ചിട്ടുണ്ട്. സമാന ആവശ്യവുമായി 2017 ഡിസംബര്‍ 17ന് രാവിലെ 9 മണിക്ക് തിരുവനന്തപുരം ആയുര്‍വേദ കോളേജ് ജംഗ്ഷനില്‍ നിന്നും നിയമസഭാ മന്ദിരത്തിലേക്ക് മാര്‍ച്ച് നടത്താന്‍ സംഘടന ഉദ്ദേശിച്ചിരുന്നതായും പേജ് പറയുന്നു.

അനധികൃത വില്‍പ്പന തടയാം, പ്രായപൂര്‍ത്തി ആകാത്തവരുടെ ഉപയോഗം തടയാം, വേദന കുറയ്ക്കാന്‍ ഫലപ്രദം, നിയമ വിധേയമാക്കിയാല്‍ നികുതി ലഭിക്കും എന്നിവയാണ് കൂട്ടായ്മയെ അനുകൂലിക്കുന്നവരുടെ വാദങ്ങള്‍. എന്നാല്‍ പോലീസ് ആസ്ഥാനത്തിന് ഏതാനും ചുവടുകള്‍ മാത്രം അകലെ ഇത്തരത്തിലൊരു സംഘടന, ആസൂത്രണം ചെയ്ത് കൂട്ടായ്മ നടത്തിയത് മാധ്യമങ്ങളിലൂടെയല്ലാതെ അധികാരികളും അറിഞ്ഞില്ല. യുവാക്കള്‍ക്കിടയില്‍ ലഹരിയുടെ ഉപയോഗം കൂടുന്നതായി വാര്‍ത്തകള്‍ വരുമ്പോളും പോലീസും സൈബര്‍ സെല്ലും നിഷ്‌ക്രിയമായി തുടരുകയാണ്.