മാർക്ക് ദാന വിവാദം; കെ ടി ജലീലിന്‍റെ വാദം പൊളിക്കുന്ന ദൃശ്യങ്ങൾ പുറത്ത്

തിരുവനന്തപുരം: എം ജി സർവകലാശാല മാര്‍ക്ക് ദാന വിവാദവുമായി ബന്ധപ്പെട്ട് ഉന്നതവിദ്യാഭ്യാസ മന്ത്രി കെ ടി ജലീലിന്‍റെ വാദം പൊളിയുന്നു. തന്‍റെ പ്രൈവറ്റ് സെക്രട്ടറി അദാലത്തിൽ മുഴുവൻ സമയവും പങ്കെടുത്തില്ലെന്ന മന്ത്രിയുടെ വാദം തെറ്റാണെന്ന് തെളിയിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. ജലീലിന്റെ പ്രൈവറ്റ് സെക്രട്ടറി ഡോ.ഷറഫുദ്ദീന്‍ സര്‍വകലാശാലയില്‍ നടന്ന അദാലത്തില്‍ പങ്കെടുക്കുന്ന ദൃശ്യങ്ങളാണ് പുറത്തായിരിക്കുന്നത്.

അദാലത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ ആശംസാ പ്രസംഗം നടത്തി തന്റെ പ്രൈവറ്റ് സെക്രട്ടറി മടങ്ങിയെന്നായിരുന്നു ജലീലിന്റെ വാദം. അദാലത്തുകള്‍ തീര്‍പ്പ് കല്‍പ്പിച്ചതിന് ശേഷം ഒരു മണിക്കൂര്‍ കഴിഞ്ഞ് വിദ്യാര്‍ത്ഥികള്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്യുന്ന ചടങ്ങില്‍ ഷറഫുദ്ദീന്‍ നില്‍ക്കുന്ന ദൃശ്യമാണ് മാതൃഭൂമിക്ക് ലഭിച്ചത്. സര്‍വകലാശാല ഉദ്യോഗസ്ഥരുമായും ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയുമായും ഇയാള്‍ ആശയ വിനിമയം നടത്തുന്നതും ദൃശ്യങ്ങളിലുണ്ട്.

അദാലത്തില്‍ മന്ത്രി കെ.ടി. ജലീലിന്റെ പ്രൈവറ്റ് സെക്രട്ടറി പങ്കെടുക്കുകയും അദ്ദേഹത്തിന്റെ നിര്‍ദേശപ്രകാരം കുട്ടിക്ക് ഒരു മാര്‍ക്ക് കൂട്ടിക്കൊടുക്കാന്‍ തീരുമാനിക്കുകയും ചെയ്തുവെന്നായിരുന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയടക്കം ഉന്നയിച്ച ആരോപണം. ഇതിന് വിശദീകരണമായിട്ടാണ് മന്ത്രി ജലീല്‍ തന്റെ പ്രൈവറ്റ് സെക്രട്ടറി ചടങ്ങില്‍ ആശംസ നടത്തിയ ശേഷം മടങ്ങിയെന്ന വിശദീകരണം നല്‍കിയിരുന്നത്.

ബി.ടെക്. പരീക്ഷയില്‍ മാര്‍ക്കു കൂട്ടിനല്‍കാന്‍ അദാലത്തെടുത്ത തീരുമാനം ചട്ടവിരുദ്ധമായിരുന്നുവെന്ന് കഴിഞ്ഞ ദിവസം എം.ജി. സര്‍വകലാശാല സിന്‍ഡിക്കേറ്റംഗം ഡോ. പി.കെ. ഹരികുമാര്‍ തുറന്നുസമ്മതിച്ചിരുന്നു. അദാലത്തിന് അതിന് അധികാരമില്ലെന്നാണ് സര്‍വകലാശാലയില്‍ നടന്ന പത്രസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞത്. സി.പി.എം. ജില്ലാ സെക്രട്ടേറിയറ്റംഗം കൂടിയാണ് ഹരികുമാര്‍.