ഉപ്പുതിന്നവര്‍ വെള്ളം കുടിക്കട്ടെ, ഏത് അന്വേഷണത്തെയും പൂര്‍ണമായും സ്വാഗതം ചെയ്യുന്നു: മുഖ്യമന്ത്രി

വിവാദവനിതയ്ക്ക് മുഖ്യമന്ത്രിയുടെ ഓഫീസുമായി ഒരു ബന്ധവുമില്ല

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിലെ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് ഉപ്പുതിന്നവര്‍ വെള്ളം കുടിക്കട്ടെയെന്നും ഏത് അന്വേഷണത്തെയും സംസ്ഥാന സര്‍ക്കാര്‍ പൂര്‍ണമായും സ്വാഗതം ചെയ്യുന്നതായും മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കേന്ദ്രമാണ് അന്വേഷിക്കേണ്ടത്. അവര്‍ അന്വേഷിക്കട്ടെ, എല്ലാ സഹായവും സര്‍ക്കാര്‍ നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
എം ശിവശങ്കറിനെ ഐടി സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റിയതില്‍ വിശദീകരണം നല്‍കിയ
മുഖ്യമന്ത്രിയുടെ വാക്കുകള്‍ പൂര്‍ണരൂപത്തില്‍:

ആദ്യം ഇതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ എങ്ങനെയാണ് എന്ന് പറയാം. രാജ്യത്തെ വിമാനത്താവളങ്ങളില്‍ നടക്കുന്ന കാര്യങ്ങള്‍ കൃത്യതയോടെ ആകാനുള്ള സംവിധാനങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ട്. അതില്‍ അപാകതകള്‍ വന്നാല്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടും. ഇവിടത്തെ സംസ്ഥാനസര്‍ക്കാരിന് അതില്‍ ഒന്നും ചെയ്യാനാകില്ല. പല കാലങ്ങളിലായി വിവിധ തരത്തിലുള്ള കള്ളക്കടത്ത് നടക്കാറുണ്ട്. ഇത് തടയാന്‍ വിപുലമായ തോതിലാണ് കസ്റ്റംസിനെ വിന്യസിച്ചിട്ടുള്ളത്. അവര്‍ വിപുലമായ പ്രവര്‍ത്തനങ്ങള്‍ നടത്താറുണ്ട്. ഇത് വെട്ടിച്ചും ചില ഘട്ടത്തില്‍ കള്ളക്കടത്ത് നടക്കാറുണ്ട്. ഇത് സംസ്ഥാനസര്‍ക്കാരുമായി എങ്ങനെ ബന്ധപ്പെടുന്നു? കള്ളക്കടത്ത് തടയാന്‍ നിയോഗിക്കപ്പെട്ട കസ്റ്റംസുണ്ട്. ഈ പാര്‍സല്‍ സംസ്ഥാന ഏജന്‍സിക്കാണോ വന്നത്? ഇവിടെ എല്ലാവര്‍ക്കും അറിയാവുന്ന വസ്തുത, അത് അഡ്രസ് ചെയ്തത് യുഎഇ കോണ്‍സുലേറ്റിലേക്കാണ്. യുഎഇ കോണ്‍സുലേറ്റ് അധികാരപത്രം ഉപയോഗിച്ചാണ് കാര്യങ്ങള്‍ നടത്തിയത്. ഇതില്‍ സംസ്ഥാനത്തിന് മറുപടി നല്‍കാനാകുമോ? ഇതില്‍ നിങ്ങളെപ്പോലത്തെ അറിവേ സംസ്ഥാനസര്‍ക്കാരിനുമുള്ളൂ. സര്‍ക്കാരിന്റെ ഏത് റോളാണ് ഇതില്‍ വരുന്നത്?

ഈ പ്രശ്‌നത്തില്‍ ഒരു വിവാദവനിത ഉണ്ടായി. ഈ വനിതയ്ക്ക് മുഖ്യമന്ത്രിയുടെ ഓഫീസുമായി ഒരു ബന്ധവുമില്ല. ഇവിടെ ഐടി വകുപ്പുമായും ഇവര്‍ക്ക് നേരിട്ട് ബന്ധമില്ല. ഇവര്‍ക്ക് ഐടി വകുപ്പിന് കീഴിലെ ഒരു പ്രോജക്ടില്‍ കരാര്‍ ജോലിയാണ് ഈ വനിതയ്ക്ക്. മാര്‍ക്കറ്റിംഗ് ചുമതലയാണ് ഇവര്‍ക്ക് ഉണ്ടായിരുന്നത്. ഇത് കരാര്‍ അടിസ്ഥാനത്തിലാണ്. ശ്രദ്ധിക്കേണ്ടത്, ഇവരെ ജോലിക്ക് എടുത്തത് ഈ പ്രോജക്ട് മാനേജ്‌മെന്റ് നേരിട്ടല്ല. ഇവരെ ജോലിക്ക് എടുത്തത് പ്ലേസ്‌മെന്റ് ഏജന്‍സി വഴിയാണ്. ഇത്തരം പ്രോജക്ടുകളിലേക്ക് താല്‍ക്കാലിക നിയമനം നടത്തുന്നത് അസ്വാഭാവികമല്ല. പല പ്രോജക്ടുകളിലും ഇത്തരം ജോലിക്കെടുക്കല്‍ നടക്കാറുണ്ട്. അതിന് ഇവരുടെ ഇപ്പോഴത്തെ ചരിത്രമല്ല, മുമ്പത്തെ ചരിത്രം നോക്കുമ്പോള്‍ എടുത്തവര്‍ പ്രവര്‍ത്തനപരിചയം കണക്കാക്കിയിരിക്കാം. അതില്‍ സര്‍ക്കാരിന് ഒരു പങ്കുമില്ല. പ്രവര്‍ത്തനപരിചയം യുഎഇ കോണ്‍സുലേറ്റിലും എയര്‍ ഇന്ത്യ സാറ്റിലുമാണ്. ഇത് സംസ്ഥാനസര്‍ക്കാര്‍ സ്ഥാപനങ്ങളല്ല. ഇതൊന്നും സര്‍ക്കാര്‍ അറിവോടെയല്ല. ഇവരുടെ നിയമനത്തില്‍ ശുപാര്‍ശയുണ്ടോ എന്ന് എനിക്കറിയില്ല.
ഇവിടെ കാണേണ്ടത് കേരള സര്‍ക്കാരുമായി ബന്ധപ്പെട്ട് ഒരു തട്ടിപ്പുമുണ്ടായിട്ടില്ല. കേരളസര്‍ക്കാര്‍ ഏജന്‍സിക്ക് വേണ്ടി ചെയ്ത ജോലിയില്‍ തട്ടിപ്പ് നടന്നതായി പരാതിയില്ല. കേരളസര്‍ക്കാരിന് ഇതില്‍ ഉത്തരവാദിത്വമില്ല. സ്വര്‍ണക്കടത്ത് നടന്നെന്നതും കസ്റ്റംസ് കണ്ടെത്തി എന്നതും ആരാണ് ഇതിന് പിന്നില്‍ എന്നത് കണ്ടെത്തണം എന്നതും ശരി. ഇതില്‍ സര്‍ക്കാരിന് ഉത്തരവാദിത്തമില്ല. ഇത്തരം ആളുകളെ സംരക്ഷിക്കാന്‍ കേരളസര്‍ക്കാര്‍ ഒരു നിലപാടും എടുക്കില്ല. ഒരു കുറ്റവാളിയെയും, അതാരായാലും സംരക്ഷിക്കേണ്ട ബാധ്യത സര്‍ക്കാരിനില്ല. അതിനാലാണ് ഇന്നലെത്തന്നെ പറഞ്ഞത് കസ്റ്റംസ് അന്വേഷണത്തിന് എല്ലാ പിന്തുണയും നല്‍കുമെന്ന്.
ഇവിടെ ഒരു കാര്യം കൂടി ശ്രദ്ധിക്കണം. ഈ വനിതയുടെ മുന്‍കാലജോലിയുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കിയല്ലോ. വ്യാജപരാതി നല്‍കി എന്നതും അതില്‍ ഇവരെ പ്രതി ചേര്‍ക്കാമെന്നും ക്രൈംബ്രാഞ്ച് പറഞ്ഞിട്ടുണ്ട്. സര്‍ക്കാരിന് ഇതില്‍ താല്‍പര്യമുണ്ടെന്ന് ആര്‍ക്കെങ്കിലും പറയാമോ? മെരിറ്റടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് നല്‍കിയത്.
മുഖ്യമന്ത്രിയുടെ ഓഫീസിനെക്കുറിച്ച് ഒരു മാന്യദേഹം പറഞ്ഞത് നിങ്ങള്‍ ആവര്‍ത്തിച്ചല്ലോ. ഏത് തരത്തില്‍ ആളെ വികൃതമായി ചിത്രീകരിക്കാമെന്ന് കരുതുന്നവര്‍ മാധ്യമരംഗത്തുമുണ്ടല്ലോ. ഉന്നയിച്ച കാര്യത്തില്‍ മെരിറ്റുണ്ടോ ദുരുദ്ദേശമുണ്ടോ എന്നൊന്നും പരിശോധിക്കില്ല, മുഖ്യമന്ത്രിയുടെ ഓഫീസാണല്ലോ, ഇരിക്കട്ടെ എന്നാണ് ഉദ്ദേശം. പൊതുസമൂഹത്തില്‍ തെറ്റായ ചിത്രം ഉയര്‍ത്തിക്കാട്ടാനാണ് ശ്രമം.
ഇതൊന്നും എനിക്ക് പുതിയതല്ല. അതിനാല്‍ ഇതില്‍ വേവലാതിയുമില്ല. ഇതിനേക്കാള്‍ വലിയ പലതും ഞാന്‍ കണ്ടിട്ടുണ്ട്. ഞാനിന്നലെ പറഞ്ഞത് എന്താ? നാക്കിന് ശക്തിയുണ്ടെന്ന് വച്ച് എന്തും വിളിച്ച് പറയരുത് എന്നാണ്. മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് ആരും വിളിച്ചില്ല എന്ന് കസ്റ്റംസ് പറഞ്ഞില്ലേ? ഇത് സര്‍ക്കാര്‍ സ്വാധീനം മൂലമാണോ? അതോടെ ആ കെട്ടുകഥകളെല്ലാം പൊളിഞ്ഞില്ലേ? നുണക്കഥകള്‍ക്ക് അത്രയേ ആയുസ്സുള്ളൂ.
ഇവിടെ ഉന്നതമായ മൂല്യമാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ എന്നും പുലര്‍ത്തിയത്. അത്തരമൊരു സര്‍ക്കാരിനെ ഈ പ്രശ്‌നത്തില്‍ വിവാദത്തില്‍ ഇരയായ വനിതയുമായി ബന്ധപ്പെട്ട് ശിവശങ്കറിനെതിരെ ആക്ഷേപമുയര്‍ന്നപ്പോള്‍ മുഖ്യമന്ത്രിയുടെ സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കി. അദ്ദേഹത്തിനെതിരെ നിയമപരമായി ആരോപണം വന്നിട്ടില്ല. പൊതുസമൂഹത്തില്‍ ഒട്ടേറെ പരാമര്‍ശം വന്നു. അത്തരമൊരു വ്യക്തി മുഖ്യമന്ത്രിയുടെ ഓഫീസില്‍ ഈ ഘട്ടത്തില്‍ ഇരിക്കുന്നത് ശരിയല്ല. അതിനാലാണ് ഈ നടപടി.
ഇത് യുഡിഎഫിന് ചിന്തിക്കാനാകുമോ? യുഡിഎഫായിരുന്നെങ്കില്‍ എന്തായേനെ? അതാണ് നാം കാണേണ്ടത്.
ആവര്‍ത്തിച്ച് വ്യക്തമാക്കുന്നത് ഇതാണ്. തെരഞ്ഞെടുപ്പ് അടുത്തു വരുന്നു. ഏതെങ്കിലും പുകമറ ഉയര്‍ത്തി സര്‍ക്കാരിനെ തളര്‍ത്താം എന്നാണ് ഉദ്ദേശമെങ്കില്‍ അതൊന്നും നടക്കില്ല. ഇവിടെ ഉപ്പുതിന്നവരെല്ലാം വെള്ളം കുടിക്കട്ടെ. ഏതായാലും ഈ വനിതയെ സംബന്ധിച്ച് പറഞ്ഞാല്‍ എയര്‍ ഇന്ത്യയില്‍ അവരെത്തിയത്. യുഎഇ കോണ്‍സുലേറ്റിലേക്ക് അവരെ ആരാണ് ശുപാര്‍ശ ചെയ്തത് എന്നതിലെല്ലാം വ്യക്തത വരട്ടെ. കോണ്‍സുല്‍ ജനറലിനൊപ്പം അവര്‍ നിരവധി പരിപാടികളില്‍ പങ്കെടുത്തിട്ടുണ്ട്. തലസ്ഥാനത്തെ വിവിധ പരിപാടികളിലടക്കം അവരുണ്ട്. കോണ്‍സുലേറ്റ് ആതിഥേയത്വം വഹിച്ച പരിപാടികളിലും അവരുണ്ടായിരുന്നു. അതിന് സര്‍ക്കാര്‍ ഉത്തരവാദിത്തം വരുന്നതെങ്ങനെ?
വ്യാജവാര്‍ത്തയുണ്ടാക്കിയില്ലേ ഒരു ചാനല്‍. മുഖ്യമന്ത്രിയോട് ഈ വിവാദവനിത സംസാരിക്കുന്ന ചിത്രം വ്യാജമല്ലേ? അതില്‍ നിയമനടപടിയുണ്ടാകും. എന്താ നിങ്ങള്‍ കരുതിയത്? നിങ്ങളെപ്പോലുള്ള മാനസികാവസ്ഥയാണ് എല്ലാവര്‍ക്കും എന്നാണോ? പല പഴയതും ഓര്‍മയില്‍ വല്ലാതെ വരുന്നുണ്ടാകുമല്ലേ? അതിന് ഇപ്പഴുള്ളവരെ കണ്ട് കളിക്കണ്ട. കളങ്കപ്പെടുത്താന്‍ വലിയ ശ്രമമാണ്. വസ്തുതകള്‍ അവതരിപ്പിക്കുക. അതല്ല നടക്കുന്നത്. പറയാതെ എല്ലാവര്‍ക്കും അറിയാം. ചിലര്‍ വരച്ചുകാട്ടിയല്ലോ സോളാര്‍ കാലം. ഇതിനെ സോളാറിനോട് താരതമ്യപ്പെടുത്താനാണ് ശ്രമം. അത് മുഴുവനായി പരിശോധിക്കണോ? ദുര്‍ഗന്ധം വമിക്കുന്ന ചളിയില്‍ മുങ്ങിക്കിടക്കുന്നവര്‍ക്ക് അത് പോലെ മറ്റുള്ളവരുമാകണം എന്ന ആഗ്രഹമുണ്ടാകും. ഞങ്ങള്‍ അത്തരം കളരിയിലല്ല ജനിച്ച് വളര്‍ന്നത്. ആ ആഗ്രഹം സാധിച്ച് തരാനാകില്ല.
ഇടത് മുന്നണി സര്‍ക്കാരിന് ആ സംസ്‌കാരമുണ്ട്. അത് യുഡിഎഫിന്റേതല്ല. അതിനാലാണ് ആവര്‍ത്തിച്ചത് ഒരു തെറ്റായ നടപടിയും ഈ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാകില്ലെന്ന്. ഏത് അന്വേഷണം വേണമെന്ന് കേന്ദ്രസര്‍ക്കാര്‍ തീരുമാനിക്കട്ടെ. ഏത് അന്വേഷണത്തെയും സംസ്ഥാനസര്‍ക്കാ!ര്‍ പൂര്‍ണമായും സ്വാഗതം ചെയ്യുന്നു എന്നും മുഖ്യമന്ത്രി പറഞ്ഞു.